സ്വപ്ന സുരേഷ്

പൊലീസിനെ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കാൻ ശ്രമം -സ്വപ്ന

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലിനെ തുടർന്ന് തന്നെ സമ്മർദത്തിലാക്കാൻ സർക്കാർ പൊലീസിനെ ദുർവിനിയോഗം ചെയ്യുന്നുവെന്ന് നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പ്രതിയുടെ രഹസ്യമൊഴി കുറ്റസമ്മതമൊഴിയായി മാത്രമേ കരുതാനാകൂവെന്നും ഗൂഢാലോചനക്കേസിലെ അന്തിമ റിപ്പോർട്ട് ഉടൻ കോടതിയിൽ നൽകുമെന്നും സർക്കാർ.

തിരുവനന്തപുരം കന്‍റോൺമെന്‍റ്, പാലക്കാട് കസബ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈകോടതിയിൽ ഇരുപക്ഷത്തിന്‍റെയും വാദമുയർന്നത്. വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റി.

സമാന്തര അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും ഒരു തെളിവുമില്ലാതെയാണ് ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തതെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. സ്വപ്നക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം ആരും ഉന്നയിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് അവർ പ്രതികരിച്ചത്. ആരോപണം തെറ്റാണെങ്കിൽ കോടതിയെ സമീപിക്കുന്നതിന് പകരം കേസെടുത്തിരിക്കുകയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതുവരെ നടത്തിയ അന്വേഷണത്തിൽനിന്ന് ഗൂഢാലോചനക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെട്ടു.

ഗൂഢാലോചനയിലെ പങ്കാളിയുടെ മൊഴിതന്നെ സ്വപ്നക്കെതിരെ തെളിവായുണ്ട്. സമാന്തര അന്വേഷണമല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്നയെ ചോദ്യം ചെയ്തപ്പോഴൊന്നും കണ്ടെത്താനാകാത്ത കാര്യങ്ങൾ ഇപ്പോൾ തെളിവില്ലാതെ ആരോപിക്കുന്നത് സ്ഥാപിത താൽപര്യത്തോടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Tags:    
News Summary - Trying to pressure by using police -Swapna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.