കാഞ്ഞിരപ്പളളിയിൽ പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം. മാങ്ങ നഷ്ടപ്പെട്ട സംഭവത്തിൽ പരാതിയില്ലെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കോടതിയിൽ അപേക്ഷ നൽകി. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസിൽ ഇന്ന് വിധി പറഞ്ഞേക്കും.
രണ്ടാഴ്ച മുന്‍പാണ് കാഞ്ഞിരപ്പളളിയിലെ ഒരു ഫ്രൂട്ട്സ് കടയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ മാങ്ങാ മോഷ്ടിച്ചത്. സിസിടിവി കാമറയിൽ കുടുങ്ങിയ ഉദ്യോഗസ്ഥൻ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷിഹാബാണെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് സ്വമേധയാ കേസ് എടുക്കുകയും അന്വേഷണ വിധേയമായി പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. പൊലീസുകാരനു വേണ്ടി തിരച്ചിൽ നടക്കുന്നതിനിടെയാണ് പരാതിയില്ലെന്ന് കടയുടമ കോടതിയെ അറിയിച്ചത്. കേസ് പിൻവലിക്കണമെന്നും കടയുടമ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ, കടയുടമയുടെ ആവശ്യത്തെ പൊലീസ് എതിർത്തിട്ടുണ്ട്. പൊലീസിന്‍റെ വാദം കൂടി കേട്ട ശേഷമാകും കോടതി വിധി പറയുക. കീഴ് കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ കേസ് ഒത്ത് തീർപ്പക്കാൻ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ ഒരു പീഡന കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇടുക്കി എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ സ്പെഷ്യൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയാണ് ഇയാൾ പത്ത് കിലോയോളം മാങ്ങ മോഷ്ടിച്ചത്. ബൈക്കിലെത്തിയ പൊലീസുകാരൻ റോഡരികിൽ അടുക്കിവെച്ച മാങ്ങ മോഷ്ടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.