മഞ്ഞപ്പിത്തം ബധിച്ച് മരിച്ച സജിത്ത്, മാത്യു എബ്രഹാം

മഞ്ഞപ്പിത്തം ബാധിച്ച്​ ചികിത്സയിലായിരുന്ന​ രണ്ടുപേർ മരിച്ചു

എടക്കര (മലപ്പുറം): മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. എടക്കര പഞ്ചായത്തിലെ പൊട്ടന്‍തരിപ്പ പുത്തന്‍വാരിയത്ത് (സാരംഗി) സജിത്ത് (47), പോത്തുകല്ല് സ്വദേശി പുളിക്കത്തറ മാത്യു എബ്രഹാം (പൊന്നച്ചന്‍ -61) എന്നിവരാണ് മരിച്ചത്. സജിത്ത് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയിലും മാത്യു എബ്രഹാം തിങ്കളാഴ്ച രാത്രി ഏഴോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സജിത്തിനെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുദിവസത്തെ ചികിത്സക്കുശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. തിരുവാലി കിടങ്ങഴി പടിഞ്ഞാറെ വാരിയത്ത് സുകുമാര വാര്യരുടെയും തിരുവാലി ആല്‍പേറ്റില്‍ പുത്തന്‍ വാരിയത്ത് വിലാസിനി വാരസ്യാരുടെയും മകനാണ് സജിത്ത്. ഭാര്യ: ബിന്ദു (നന്ദിനി). മക്കള്‍: മിഥുന്‍ കൃഷ്ണ, രോഹിത് കൃഷ്ണ. സഹോദരിമാർ: സുചിത്ര, സുജയ.

മാത്യു എബ്രഹാം കഴിഞ്ഞ 22നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. രണ്ടുകേസുകളിലും സംശയകരമായ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ വിശദീകരണം. അതേസമയം, ജില്ല മെഡിക്കൽ ഓഫിസറുടെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ഒന്നര മാസമായി പോത്തുകല്ല് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം നിയന്ത്രണാതീതമായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്. നൂറോളം പേര്‍ക്കാണ് പഞ്ചായത്തില്‍ മാത്രം രോഗം ബാധിച്ചത്. മൂന്നുദിവസമായി പോത്തുകല്ലിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിനെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

Tags:    
News Summary - Two die of jaundice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.