കോട്ടയം: കുമരകം-ചേർത്തല റൂട്ടിൽ കൈപ്പുഴമുട്ട് പാലത്തിന് താഴെ കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരനായ കൊല്ലം ഓടനാവട്ടം സ്വദേശി ജയിംസ് ജോർജ്, മഹാരാഷ്ട്ര താനെ ബദ്ലാപുർ സ്വദേശി രാജേന്ദ്ര സർജെയുടെ മകൾ സൈലി രാജേന്ദ്ര സർജെ എന്നിവരാണ് മരിച്ചത്. കാറിൽ കൂടുതൽ പേരുണ്ടായിരുന്നോയെന്നും സംശയമുണ്ട്. അതിനുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. കാറിൽ ഒരു കുഞ്ഞുണ്ടായിരുന്നതായും പറയപ്പെടുന്നു.
തിങ്കളാഴ്ച രാത്രി എട്ടരക്കുശേഷമാണ് സംഭവം. കുമരകം ഭാഗത്തുനിന്ന് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്‍റെ ഇടതുവശത്തെ സർവിസ് റോഡ് വഴി ആറ്റിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിനുള്ളിൽനിന്ന് നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഹൗസ്ബോട്ടുകൾ സഞ്ചരിക്കുന്ന ഏറെ ആഴമുള്ള ആറ്റിലേക്കാണ് കാർ മുങ്ങിത്താഴ്ന്നത്. വഴി പരിചയമില്ലാത്തതാണ് അപകടകാരണമായതെന്നും ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വന്നതിലെ ആശയക്കുഴപ്പമാണോ അപകടത്തിേലക്ക് വഴിെവച്ചതെന്നും സംശയിക്കുന്നു. എറണാകുളം രജിസ്ട്രേഷനിലുള്ളതാണ് കാർ. എറണാകുളത്തുനിന്ന് വാടകക്കെടുത്തതാണ് കാർ. കുമരകം സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നുവെന്നാണ് സൂചന. അരമണിക്കൂറിലേറെ കാർ വെള്ളത്തിൽ മുങ്ങിക്കിടന്നു.
മഴയും പ്രദേശത്തെ ഇരുട്ടും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. അരമണിക്കൂറിലേറെയുള്ള പ്രയത്നത്തിനൊടുവിലാണ് കാർ ആറ്റിൽനിന്ന് ഉയർത്തിയത്. കാറിൽ കണ്ടെത്തിയ രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനാ സ്കൂബാ ടീമംഗങ്ങളും വടം ഉപയോഗിച്ച് കെട്ടിവലിച്ചാണ് കാർ കരക്കെത്തിച്ചത്. കോട്ടയം, വൈക്കം ഭാഗത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ യൂനിറ്റുകളും ഗാന്ധിനഗർ, കുമരകം പൊലീസും നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.