തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട യു.ഡി.എഫ് കഴിഞ്ഞതവണത്തെ അംഗബലംപോലും നേടാനാകാതെ ദയനീയാവസ്ഥയിലായി. ഇൗ തിരിച്ചടി യു.ഡി.എഫില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മാത്രമല്ല സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികൾക്കും വഴിവെക്കും. യുവാക്കൾ ഉൾപ്പെടെ പകുതിയിലേറെ പുതുമുഖങ്ങളെ രംഗത്തിറക്കിയിട്ടും കഴിഞ്ഞ അഞ്ചുവർഷക്കാലം പ്രതിപക്ഷത്തെ നയിച്ച കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല എതിർപക്ഷത്തിെൻറ അംഗബലത്തിന് സമീപത്തുപോലും എത്താനും സാധിച്ചിട്ടില്ല. അതിനാൽ നേതൃമാറ്റം ഉള്‍പ്പെടെ ആവശ്യം പാർട്ടിയിൽ ശക്തമാകും.
സ്വാധീനമേഖലകളിൽ പോലും വലിയ തിരിച്ചടിയാണ് യു.ഡി.എഫിന് നേരിടേണ്ടിവന്നിരിക്കുന്നത്. മുസ്ലിംലീഗിെൻറ സ്വാധീനമേഖലകളിൽ ഒഴികെ യു.ഡി.എഫിനെ കാലങ്ങളായി പിന്തുണച്ചിരുന്ന മറ്റിടങ്ങളിലെല്ലാം ന്യൂനപക്ഷവോട്ടുകള്‍ അവരില്‍നിന്ന് അകന്നുവെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. മധ്യകേരളത്തിലെ തിരിച്ചടി ഇതിന് അടിവരയിടുന്നു. അതുപോലെതന്നെ ഭൂരിപക്ഷസമുദായത്തിെൻറ വോട്ടുകളും കാര്യമായി നേടാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം കാര്യമായി ബാധിച്ചത് കോൺഗ്രസിനെയാണ്. മാത്രമല്ല, ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്നതിന് പകരം സമുദായ സംഘടനകളെ ആശ്രയിച്ചാൽ ജയിക്കാമെന്ന കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങളിലെ അമിതപ്രതീക്ഷ ശരിയല്ലെന്ന് ഇൗ തെരഞ്ഞെടുപ്പോടെ കൂടുതൽ തെളിഞ്ഞിരിക്കുകയാണ്. ഭരണത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ തകര്‍ന്നതോടെ യു.ഡി.എഫിെൻറ നിലനിൽപിനെപോലും ബാധിക്കുന്നതരത്തിലേക്ക് ഇനി കാര്യങ്ങൾ എത്തിയേക്കാം. സ്വന്തം കോട്ടകളില്‍പോലും മുസ്ലിംലീഗിന് തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ മുന്നണിയുടെ ഘടനയില്‍ മാറ്റംവന്നേക്കാമെന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു. സീറ്റുകൾ വാശിയോടെ പിടിച്ചുവാങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയം സംഭാവന ചെയ്യാത്ത കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിെൻറ മുന്നണിയിലെ നിലനില്‍പ്പും ചോദ്യചിഹ്നമായി മാറും. ഇക്കുറിയും ഒരു സീറ്റിലും വിജയിക്കാനാകാതെവന്നതോടെ മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ പുനര്‍വിചിന്തനത്തിന് ആർ.എസ്.പി തയാറായാലും അദ്ഭുതമില്ല.
ദേശീയതലത്തിൽതന്നെ പാർട്ടിയുടെ തിരിച്ചുവരവിന് കോണ്‍ഗ്രസ് ലക്ഷ്യംെവച്ചിരുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയമാണ്. രാഹുൽ ഗാന്ധിയെ ലോക്സഭയില്‍ എത്തിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ ജനവിധി അദ്ദേഹത്തിനും ഏറെ നിർണായകമായിരുന്നു. അതിനാലാണ് അദ്ദേഹവും പ്രിയങ്കയും ഇവിടം കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയതെങ്കിലും ഗുണം ചെയ്തില്ല. സംസ്ഥാനത്ത് പാര്‍ട്ടിയുടെ സംഘടനാസംവിധാനം പൂർണമായും തകര്‍ന്ന നിലയിലായതിനാൽ ഭരണമുന്നണിക്കും സർക്കാറിനുമെതിരെ നടത്തിയ പ്രചാരണം താഴേത്തട്ടിൽ എത്തിച്ച് വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് സാധിച്ചില്ല. സംഘടനാസംവിധാനത്തിലെ പോരായ്മക്ക് പരിഹാരമായി സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം പല ഘട്ടത്തിലും ഉയര്‍ന്നിരുന്നെങ്കിലും അതിനോടൊന്നും നേതൃത്വം അനുകൂലമായിരുന്നില്ല. ഏതാനും നേതാക്കൾചേർന്ന് തീരുമാനങ്ങളെടുക്കുന്നുെവന്നല്ലാതെ പാർട്ടിക്കുള്ളിൽ കാര്യമായ ചർച്ചകളോ അഭിപ്രായം തേടലോ ഉണ്ടാകുന്നിെല്ലന്ന പരാതിയും നേരത്തേമുതലുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതേ ശൈലിയുമായി മുന്നോട്ടുപോകാൻ ഇനി നേതൃത്വത്തിന് സാധിക്കുമെന്ന് കരുതാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.