'ഷെയിം ഓൺ യൂ കമൽ' കാമ്പയിനുമായി യു.ഡി.എഫ്​; ആഞ്ഞടിച്ച്​ ശബരിയും വിഷ്​ണുനാഥും

ചലച്ചിത്ര അക്കാദമി‍യിലെ കരാർ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള അക്കാദമി ചെയർമാൻ കമലിന്‍റെ നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്​ നേതാക്കളായ കെ.എസ്​ ശബരീനാഥനും പി.സി വിഷ്​ണുനാഥും രംഗത്ത്​. നേരത്തേ കമൽ ശിപാർശയുമായി സംസ്ഥാന സർക്കാറിന്​ അയച്ച കത്ത്​ ചെന്നിത്തല നിയമസഭയുടെ മേശപ്പുറത്ത്​ വെച്ചിരുന്നു. 'ഷെയിം ഓൺ യൂ കമൽ' ഹാഷ്​ടാഗിൽ കാമ്പയിനും യു.ഡി.എഫ്​ സൈബറിടകങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്​.

കെ.എസ്​ ശബരീനാഥൻ പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാഡമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണ്.

സ്ഥിരനിയമനം ശുപാർശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം... "ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും"

PSC ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനമാണ്.

​പി.സി വിഷ്​ണുനാഥ്​ പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

കമലിൻ്റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും ...!

കേരളത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തൊഴിൽ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്നിവാസത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണം

Tags:    
News Summary - udf campaign against director kamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.