കോട്ടയം: മാണി സി. കാപ്പനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതൃത്വം. കാപ്പൻ കോൺഗ്രസിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിക്കണമെന്നാണ് നിർദേശം. ഇക്കാര്യം മുല്ലപ്പള്ളി രാമചന്ദ്രൻ മാണി സി. കാപ്പനെ അറിയിക്കുകയും ചെയ്തു.
കോൺഗ്രസ് ഹൈകമാൻഡും ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചതായി സംസ്ഥാനനേതാക്കൾ അറിയിച്ചു. എന്നാൽ, വ്യക്തമായ മറുപടി കാപ്പനിൽനിന്ന് ഉണ്ടായിട്ടില്ല. പൊതുസ്വതന്ത്രനായി പാലായിൽ മത്സരിക്കണമെന്ന നിർദേശം യു.ഡി.എഫ് മുന്നോട്ടുവെച്ചിട്ടുണ്ട്. കാപ്പന് പാലാ സീറ്റ് നൽകുമെന്ന് പി.ജെ. ജോസഫ് നേരേത്ത വ്യക്തമാക്കിയിരുന്നു.
പാലാ സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതോടെ ഇടതുമുന്നണിയിൽ എൻ.സി.പി നിന്നിട്ട് കാര്യമിെല്ലന്നും കാപ്പൻ ദേശീയനേതാക്കളെ അറിയിച്ചു. എന്നാൽ, തിരക്കിട്ട് തീരുമാനമെടുക്കാൻ ശരദ്പവാർ തയാറായിട്ടില്ല. വെള്ളിയാഴ്ച പ്രഫുൽ പട്ടേലുമായി ചർച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്ന് പവാർ അറിയിച്ചിട്ടുണ്ട്.
ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കുമെന്നും അവസരങ്ങൾ ഇല്ലാതാക്കരുതെന്നും കാപ്പനും കൂട്ടരും നടത്തുന്നത് അപകടകരമായ രാഷ്ട്രീയ തീരുമാനമാണെന്നും ശശീന്ദ്രൻ വിഭാഗവും ദേശീയനേതൃത്വത്തെ അറിയിച്ചു.
പാലായിൽതന്നെ –മാണി സി. കാപ്പൻ
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽതന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനം അറിയാം. എ.കെ. ശശീന്ദ്രൻ കോൺഗ്രസ് (എസ്) ലേക്ക് പോകുന്നതായി കേട്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും ദേശീയ നേതൃത്വത്തിനൊപ്പം നിൽക്കുമെന്നും സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ വ്യക്തമാക്കി. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള ചർച്ചക്കായി ഡൽഹിയിൽ എത്തിയതാണ് ഇരുവരും.
കാപ്പന് വന്നാല്‍ സന്തോഷം –മുല്ലപ്പള്ളി
ആലുവ: മാണി സി. കാപ്പനെ യു.ഡി.എഫ് സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരുകയാണെങ്കില്‍ അത്രയും സന്തോഷമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസിൽ വന്നാല്‍ കൈപ്പത്തി ചിഹ്നം നല്‍കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.