തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം വേഗത്തിലാക്കാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഘടകകക്ഷികൾ തമ്മിലെ സീറ്റ് ചർച്ച, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ നടപടികൾ എന്നിവ ജനുവരിയിൽതന്നെ പൂർത്തിയാക്കും.
25, 29, 30, 31, ഫെബ്രുവരി ഒന്ന് തീയതികളിലാണ് ഘടകകക്ഷികളുമായുള്ള കോൺഗ്രസിന്റെ സീറ്റ് വിഭജന ചർച്ച. ആദ്യം മുസ്ലിം ലീഗുമായും തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് പാർട്ടികളുമായുമാണ് ചർച്ച. സീറ്റ് നിലയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. കഴിഞ്ഞതവണ ലീഗ് രണ്ടിലും കേരള കോൺഗ്രസ്, ആർ.എസ്.പി എന്നിവ ഒരോ സീറ്റിലും മത്സരിച്ചു. ബാക്കി 16 സീറ്റിലും കോൺഗ്രസാണ് മത്സരിച്ചത്. ലീഗ് മൂന്ന് സീറ്റ് ചോദിക്കാനിടയുണ്ട്.
അധിക സീറ്റിനുള്ള അവകാശവാദം അംഗീകരിക്കുമ്പോൾ തന്നെ, പാർലമെന്റിൽ കോൺഗ്രസ് സീറ്റെണ്ണം പരമാവധി കൂട്ടണമെന്ന രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി വിട്ടുവീഴ്ച വേണമെന്നായിരിക്കും കോൺഗ്രസ് നിലപാട്. അത് ലീഗും അംഗീകരിക്കാനാണ് സാധ്യത. മൂന്നാം സീറ്റിന് ലീഗ് ഇതുവരെ ഔദ്യോഗിക ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. കേരള കോൺഗ്രസ് (എം) മുന്നണിവിട്ട സാഹചര്യത്തിൽ കോട്ടയം ജോസഫ് ഗ്രൂപ് ആവശ്യപ്പെടും. ആർ.എസ്.പിക്ക് കൊല്ലം സീറ്റുതന്നെയാകും. മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകളും നടക്കും.
വയനാട്ടിൽ രാഹുൽ ഗാന്ധിതന്നെ മത്സരിക്കുമെന്നാണ് സൂചന. കണ്ണൂരിൽ കെ. സുധാകരൻ മാറിയേക്കും. മറ്റ് സിറ്റിങ് എം.പിമാർ മിക്കവരും മത്സരിക്കാനാണ് സാധ്യത. ജനുവരി 31ന് മുമ്പ് എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപവത്കരിക്കും. ഫെബ്രുവരി 10നുള്ളില്‍ അസംബ്ലി തലത്തിലും 20ന് മണ്ഡലം തലത്തിലും മാര്‍ച്ച് അഞ്ചിന് മുമ്പ് ബൂത്ത് തലത്തിലും കമ്മിറ്റികളുണ്ടാക്കും.സര്‍ക്കാറിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സ് വിജയിച്ചെന്ന് യോഗം വിലയിരുത്തി. 31ന് മുമ്പ് സദസ്സുകള്‍ പൂര്‍ത്തിയാക്കാനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.