വൈത്തിരി: സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളായ മുഴുവൻപേർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ തിങ്കളാഴ്ച സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പൊലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പൊലീസുകാരടക്കം പത്തിലധികം പേർക്ക് പരിക്കേറ്റു. എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകരായ അഞ്ചുപേർക്കും എം.എസ്.പി പൊലീസുകാരായ അഞ്ചുപേർക്കുമാണ് പരിക്കേറ്റത്.
11.30ഓടെ എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ച് സെക്യൂരിറ്റി കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ചു അകത്തുകടക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായി ഉന്തും തള്ളും തുടങ്ങി. ബാരിക്കേഡിന്റെ ഒരുഭാഗം ഇവർ അടർത്തിയെടുത്തു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ ചിതറിയോടി. ഈ സമയം ഫ്രറ്റേണിറ്റി പ്രവർത്തകരും പ്രകടനം നടത്തി.
ഇരുകൂട്ടരും മുദ്രാവാക്യം വിളിച്ചു സമരം നടത്തുന്നതിനിടെയാണ് നൂറുകണക്കിന് കെ.എസ്.യു പ്രവർത്തകർ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സെക്യൂരിറ്റി കവാടത്തിലെത്തിയത്.
മൃഗാശുപത്രി സമുച്ചയത്തിൽ കയറിയവർ പൊലീസുമായി തർക്കത്തിലായി. എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് മർദിക്കുകയും ചെയ്തു. വലതു കൈക്ക് ഗുരുതര പരിക്കേറ്റ ഷാജി കുന്നത്തിനെ പുറത്തേക്കുകൊണ്ടുപോകാൻ പൊലീസ് അനുവദിച്ചില്ല. ഇരുമ്പുവേലിക്കു മുകളിലൂടെയാണ് പ്രവർത്തകർ താഴെയെത്തിച്ചു ആംബുലൻസിൽ കയറ്റിയത്. തുടർന്ന് താഴെ മുദ്രാവാക്യം വിളിച്ചുനിന്ന പ്രവർത്തകരോട് പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പ്രവർത്തകർക്കുനേരെ പൊലീസ് ആറ് തവണ ഗ്രനേഡുമെറിഞ്ഞു.
പരിക്കേറ്റു നിലത്തുവീണ ഒരു പ്രവർത്തകനെ പൊലീസ് വളഞ്ഞിട്ടു തല്ലി. ലാത്തിയടിയിൽ പരിക്കേറ്റു നിരവധിപേർ നിലത്തുവീണു. പരിക്കേറ്റ കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി അർജുൻ ദാസ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ജിനു കോളിയാടി എന്നിവരടക്കം അഞ്ചുപേരെ വൈത്തിരി താലൂക്ക് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. ടി. സിദ്ദിഖ് എം.എൽ.എയും കോൺഗ്രസ്-ലീഗ് നേതാക്കളും സ്ഥലത്തെത്തിയാണ് വിദ്യാര്‍ഥികളെ ശാന്തരാക്കിയത്.
തുടർന്ന് എം.എൽ.എയുടെ ആഹ്വാനപ്രകാരം സമരക്കാർ ദേശീയപാതയിലേക്ക് നീങ്ങി. പൊലീസിന്റെ ഏകപക്ഷീയ ആക്രമണത്തിൽ പ്രതിഷേധിച്ചു ദേശീയ പാത 766 ഉപരോധിച്ചു.
നൂറുകണക്കിന് വാഹനങ്ങൾ റോഡിനിരുവശവും കുടുങ്ങി. ഒരുമണിക്കൂറിനു ശേഷം റോഡ് ഉപരോധം പിൻവലിച്ചു. സംഘടനകളുടെ സംസ്ഥാന നേതാക്കളും സമരത്തിൽ പങ്കെടുത്തു. വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് പ്രതിഷേധ ദിനം ആചരിക്കും.
തൃശൂർ: സിദ്ധാർഥിന്റെ മരണത്തില്‍ ഡീന്‍ എം.കെ. നാരായണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡീനിന്റെ തൃശൂര്‍ കൊക്കാലെയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.സി.സി ഓഫിസില്‍ നിന്നാരംഭിച്ച മാര്‍ച്ച് കൊക്കാലെ ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി ജോണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. ധർണക്ക് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീലങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുൾപ്പെടെ ജലപീരങ്കി പ്രയോഗത്തില്‍ നനഞ്ഞ് കുളിച്ചു.
ബാരിക്കേഡിന് മറുപുറത്തേക്ക് പ്രയോഗിച്ച ജലീപരങ്കി, ബാരിക്കേഡിന് പിറകിൽ നിന്ന പൊലീസുകാർക്ക് നേരെ പതിക്കുകയായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥക്ക് ശേഷം പ്രവര്‍ത്തകര്‍ ധര്‍ണ അവസാനിപ്പിച്ച് പിരിഞ്ഞുപോയി. ജില്ല പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സുഷിൽ ഗോപാൽ, സൂരജ് ഗുരുവായൂർ, ജില്ല വൈസ് പ്രസിഡന്റുമാരായ അഡ്വ. പി.കെ. ശ്യാംകുമാർ, വിഷ്ണു ചന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറിമാരായ ഷർബാനൂസ്, ജോഫിൻ ഫ്രാൻസിസ്, ഷെറിൻ തേർമഠം, അരുൺ മോഹൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സുമേഷ്, അൽജോ ചാണ്ടി, ശ്രീകൃഷ്ണൻ, മഹേഷ് കാർത്തികേയൻ, ഫൈസൽ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.