തിരുവനന്തപുരം: യുക്രെയ്നിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സർക്കാർ വെള്ളിയാഴ്ച കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ 180 പേരെയും മുംബൈയിൽ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തിൽ എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചശേഷം എത്തിയ 890 പേരെ സംസ്ഥാന സർക്കാർ കേരളത്തിലേക്ക് എത്തിച്ചു.
യുക്രെയ്നിൽനിന്നു കൂടുതലായി ആളുകൾ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡൽഹിയിൽനിന്നു കൊച്ചിയിലേക്കു പ്രത്യേക ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച മൂന്നു വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. ഇതിൽ ആദ്യ വിമാനം 180 യാത്രക്കാരുമായി ഉച്ചകഴിഞ്ഞ് 2:50നു കൊച്ചിയിൽ എത്തി. രണ്ടാമത്തെ വിമാനം 180 യാത്രക്കാരുമായി രാത്രി 8.30ഓടെ കൊച്ചിയിൽ എത്തും.
മൂന്നാമത്തെ വിമാനം ഇന്നു രാത്രി ഡൽഹിയിൽനിന്നു പുറപ്പെടും. മടങ്ങിയെത്തുന്നവർക്കു കൊച്ചിയിൽനിന്നു സ്വദേശങ്ങളിലേക്കു പോകാൻ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ പ്രത്യേക ബസുകളും ഒരുക്കിയിരുന്നു. നോർക്കയുടെ വനിതകൾ അടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ബുക്കാറെസ്റ്റിൽനിന്നു രണ്ടു വിമാനങ്ങളിലായി 58 പേരാണ് വെള്ളിയാഴ്ച മുംബൈയിൽ എത്തിയത്. ഇതിൽ 22 പേരെ തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളിലും 27 പേരെ കൊച്ചിയിലേക്കുള്ള വിമാനങ്ങളിലും അഞ്ചു പേരെ കണ്ണൂരേക്കുള്ള വിമാനങ്ങളിലും നാലു പേരെ കോഴിക്കോടേക്കുള്ള വിമാനങ്ങളിലും നാട്ടിൽ എത്തിച്ചു. മുംബൈയിൽ എത്തുന്നവരെ കേരളത്തിലെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.