മട്ടന്നൂര്‍: ഇന്ന് ഉച്ചക്ക് ഇരിട്ടി റോഡില്‍ ഉളിയില്‍ പാലത്തിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് കുടുംബത്തിലെ രണ്ടുപേർ. കാര്‍ യാത്രികരായ തലശ്ശേരി പിലാക്കൂലിലെ നിഹമയിൽ അബ്ദുൽ റഹൂഫ് (58), സഹോദരീ ഭർത്താവ് വടക്കുമ്പാട് പോസ്റ്റ് ഓഫിസ് പരിസരത്തെ അൽ ഫലാഹിൽ അബ്ദുൽ റഹീം (59) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. തലശ്ശേരി ഭാഗത്തുനിന്നുവന്ന കാര്‍ ഉളിയില്‍ പാലത്തിന് സമീപം നിയന്ത്രണം വിട്ട് ഇരിട്ടി ഭാഗത്തുനിന്ന് വരുകയായിരുന്ന ചെങ്കല്‍ ലോറിയുമായി ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കർണാടക കുടകിലെ ഗോണിക്കുപ്പ പൊന്നംപേട്ടയിൽ റഹൂഫ് നടത്തുന്ന ലുലു സ്റ്റേഷനറി ആൻഡ് ഫൂട് വെയറിലേക്ക് പോകുന്നതിനിടയിലാണ് അപകടം.
ജമാഅത്തെ ഇസ്ലാമി സജീവ പ്രവർത്തകനാണ് റഹൂഫ്. വടക്കുമ്പാട്ടെ പരേതനായ ദയരോത്ത് അഹമ്മദിന്റെയും വലിയ വടയിൽ ബീവിയുടെയും മകനാണ്. ഭാര്യ: ഇഞ്ചിക്കൽ സാബിറ. മക്കൾ: റുഫൈദ് (മെക്കാനിക്കൽ എൻജിനീയർ, സൗദി), ബാസിൽ (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു), സഹല, ഷിസ (വിദ്യാർഥി). മരുമക്കൾ: അസ് ലം (ദുബൈ). സഹോദരങ്ങൾ: റാബിയ, സുബൈദ, മുഹമ്മദ് റഫീഖ് (സൗദി), ജസീല (പറമ്പായി), മുജീബ് റഹ്മാൻ (ഫൂട്ട് ലോക്കർ, കണ്ണൂർ), റസിയ (കിണവക്കൽ), ഷമിയ.
കതിരൂർ വേറ്റുമ്മൽ കൊയിറ്റ വീട്ടിൽ പരേതരായ ബാവൂട്ടി-കദീജ ദമ്പതികളുടെ മകനാണ് റഹീം. ഭാര്യ: വലിയവടയിൽ സുബൈദ. മക്കൾ: റഫ്നാജ് (റിയാദ്), മർജാന പർവീൻ, ഷഹാമ, റിഫ (ഇരുവരും വിദ്യാർഥികൾ). മരുമക്കൾ: സമീർ കൂത്തുപറമ്പ് (ദുബൈ), സഹല. ഇരുവരുടെയും ഖബറടക്കം ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.