തിരുവനന്തപുരം: ഔദ്യോഗിക ഭാഷ പൂർണമായും മലയാളമാക്കുന്നതിന് അന്ത്യശാസനയുമായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. ഓഫിസ് സീലും ഉദ്യോഗസ്ഥരുടെ പേര്, ഔദ്യോഗിക പദവി എന്നിവയടങ്ങുന്ന തസ്തികമുദ്രകളും മലയാളത്തിൽകൂടി തയാറാക്കണമെന്ന് ഉത്തരവിൽ നിർദേശം.
ഓഫിസുകളിലെ എല്ലാ ബോർഡുകളുടെയും ആദ്യ നേർപകുതി മലയാളത്തിലായിരിക്കണം. രണ്ടാം പകുതിയിൽ ഇംഗ്ലീഷും. സർക്കാർ വാഹനങ്ങളിൽ മുൻ ഭാഗത്ത് സ്ഥാപിക്കുന്ന ബോർഡുകൾ മലയാളത്തിൽ വേണം. പിന്നിലെ ബോർഡ് ഇംഗ്ലീഷിലും. രണ്ടും ഒരേ വലുപ്പത്തിലുമാകണം.
ഹാജർ പുസ്തകം, ഡ്യൂട്ടി രജിസ്റ്റർ തുടങ്ങി ഓഫിസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തിലായിരിക്കണം. ഇവയിലെ രേഖപ്പെടുത്തലും മാതൃഭാഷയിലാകണം. ഫയലുകൾ പൂർണമായും മലയാളത്തിൽ കൈകാര്യം ചെയ്യണം. പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഫയൽ നടപടി മലയാളഭാഷയിലായിരിക്കണം.
ഇളവുകൾ പ്രകാരം ഇംഗ്ലീഷിൽ ഫയൽ തയാറാക്കുമ്പോൾ കുറിപ്പ് ഫയൽ മലയാളത്തിലായിരിക്കണം. സർക്കാർ പത്രങ്ങൾക്ക് നൽകുന്ന പരസ്യങ്ങൾ മലയാളത്തിലാകണമെന്നും ഉത്തരവിലുണ്ട്. പലവട്ടം സർക്കാർ ഉത്തരവിറക്കിയെങ്കിലും അതൊന്നും നടപ്പായിട്ടില്ല. ഇക്കാര്യം ഉത്തരവിൽതന്നെ പരാമർശിക്കുന്നതിനൊപ്പം നിർദേശങ്ങൾ ഡിസംബർ 30നുള്ളിൽ നടപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ അന്ത്യശാസനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.