വി​ഷു, ഇൗ​സ്​​റ്റ​ർ തി​രക്ക്​: യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ച്ച്​ സ്വ​കാ​ര്യ ബ​സു​ക​ൾ

ബംഗളൂരു: വിഷു, ഇൗസ്റ്റർ ആഘോഷങ്ങൾ ഒന്നിച്ചെത്തിയതോടെ യാത്രക്കാരെ കൊള്ളയടിച്ച് സ്വകാര്യ ബസ് ഒാപറേറ്റർമാർ. തിരക്ക് മുതലാക്കി മൂന്നിരട്ടി വരെ തുക ഇൗടാക്കിയാണ് ഇവർ കേരളത്തിലേക്ക് സർവിസ് നടത്തുന്നത്. അവധി കഴിഞ്ഞ് കേരളത്തിൽനിന്ന് തിരിച്ചുള്ള ബസുകൾക്കും ഇൗ നിരക്ക് നൽകേണ്ടി വരും. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ബുധനാഴ്ച കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും പതിവു സർവിസുകൾക്ക് പുറമെ 60ഒാളം സ്പെഷൽ സർവിസുകളാണ് ഏർപ്പെടുത്തിയിരുന്നത്. വ്യാഴാഴ്ചയും 40 സ്പെഷൽ ബസുകളുണ്ട്. എന്നാൽ, ഇതിലെല്ലാം ബുക്കിങ് മണിക്കൂറുകൾക്കകം പൂർത്തിയായതോടെ മറ്റു വഴിയില്ലാതായ യാത്രക്കാരാണ് സ്വകാര്യ ബസുകാരുടെ കൊള്ളക്കിരയാകുന്നത്. കുടുംബത്തോടൊപ്പം നാട്ടിൽ പോകുന്നവർക്ക് ഇവരെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ലാതായിരിക്കുകയാണ്. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കോഴിക്കോേട്ടക്ക് നോൺ എ.സി ബസുകൾക്ക് 620 മുതൽ 1,300 രൂപ വരെയാണ് ഇൗടാക്കുന്നത്. കേരള ആർ.ടി.സുടെ വിവിധ ബസുകളിൽ ഇത് 326 മുതൽ 841 രൂപ വരെയാണ്. എ.സി ബസുകൾക്ക് 1457 രൂപ മുതൽ 2,068 രൂപ വരെയാണ് സ്വകാര്യ ബസുകാർ വാങ്ങുന്നത്. കേരള ആർ.ടി.സിയിൽ ഇത് 701 മുതൽ 1265 വരെയാണ്. 

കർണാടക ആർ.ടി.സിയിൽ എ.സി ബസുകൾക്ക് 989 മുതൽ 1,033 വരെയും നോൺ എ.സി ബസുകൾക്ക് 313 മുതൽ 639 വരെയുമാണ് ഇൗടാക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള സ്വകാര്യ ബസ് നിരക്ക് 3,100 രൂപയോളം വരും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി കൂടുതൽ സ്പെഷൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യമുയർന്നെങ്കിലും ബസുകളുടെയും ജീവനക്കാരുടെയും കുറവാണ് തടസ്സമായി അധികൃതർ പറയുന്നത്. അവധിക്ക് നാട്ടിൽ പോകുേമ്പാൾ പലരും വിമാനങ്ങളെ ആശ്രയിക്കാറുണ്ടെങ്കിലും തിരക്ക് മുതലെടുത്ത് വിമാനക്കമ്പനികളും നിരക്ക് മൂന്നിരട്ടിയിലധികമാണ് കൂട്ടിയിരിക്കുന്നത്. വ്യാഴാഴ്ച കോഴിക്കോേട്ടക്കുള്ള വിമാന നിരക്ക് 14,938 രൂപ മുതൽ 73,123 രൂപ വരെയാണ്. സാധാരണ ദിവസങ്ങളിൽ 3,500 രൂപയിൽ താഴെ മുടക്കിയാൽ കിട്ടുന്ന ടിക്കറ്റുകൾക്കാണ് കഴുത്തറുപ്പൻ നിരക്ക്. കൊച്ചിയിലേക്ക് 9,114 രൂപയാണ് വ്യാഴാഴ്ചത്തെ കുറഞ്ഞ നിരക്കെങ്കിൽ തിരുവനന്തപുരത്തേക്ക് ഇത് 5,298 രൂപ മാത്രമേ വരുന്നുള്ളൂ. ട്രെയിനുകളിൽ ആഴ്ചകൾക്ക് മുേമ്പ ബുക്കിങ് പൂർത്തിയായിരുന്നു. തത്കാൽ ഇനത്തിൽ ബാക്കിയുള്ള ടിക്കറ്റുകൾ അഞ്ചു മിനിറ്റിനകമാണ് കഴിയുന്നത്. ആഘോഷങ്ങൾ പരിഗണിച്ച് കേരളത്തിലേക്ക് ഏതാനും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചത് ഏറെ പേർക്ക് അനുഗ്രഹമായിരുന്നു.

Tags:    
News Summary - Un-Fare Price Hikes by Private Bus Operators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.