പാലക്കാട്: പാതയോരത്തെ ഗതാഗതത്തിനും സുരക്ഷക്കും ഭീഷണിയായ ബോർഡുകൾ നീക്കിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യത്തിനും ഖജനാവിന് നഷ്ടം വരുത്തിയതിനും നടപടിയെടുക്കുമെന്ന് തദ്ദേശവകുപ്പ്. നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും സർക്കുലർ പുറത്തിറക്കിയിട്ടും തദ്ദേശ സെക്രട്ടറിമാർ ഉത്തരവുകളെ ലാഘവത്തോടെ കാണുന്നെന്നും പിഴ ഈടാക്കുന്നതിലെ അലംഭാവം കാരണം സർക്കാർ ഖജനാവിന് നഷ്ടം സംഭവിക്കുന്നെന്നും ഹൈകോടതി നിരീക്ഷിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. ഓരോ അനധികൃത ബോർഡിനും 5000 രൂപയും നീക്കാനുള്ള ചെലവുകളും പിഴയായി ഈടാക്കണമെന്നാണ് ചട്ടം. ഇവ ഈടാക്കാത്തതിലൂടെ തദ്ദേശ സെക്രട്ടറിമാർ പൊതുവരുമാനം നഷ്ടപ്പെടുത്തുകയാണ്. അതിനാൽ നടപടി നേരിടേണ്ടിവരുമെന്നാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് വകുപ്പ് നൽകിയ മുന്നറിയിപ്പ്.
പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ നീക്കുന്നത് സംബന്ധിച്ച് ഹൈകോടതി നാലു തവണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നാലു തവണ തദ്ദേശവകുപ്പും നിർദേശങ്ങളും മാർഗരേഖയും പുറത്തിറക്കി.
അനധികൃത ബോർഡുകൾ നീക്കം ചെയ്യാനുള്ള സർക്കാർ നടപടി നിരീക്ഷിക്കാൻ ഹൈകോടതി അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ഹൈകോടതി നിർദേശാനുസരണം തദ്ദേശസ്ഥാപന തലത്തിൽ പ്രാദേശിക കമ്മിറ്റികളും നടപ്പാക്കുന്നത് നിരീക്ഷിക്കാൻ ജില്ലതല മോണിറ്ററിങ് സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പാതയോരങ്ങളിലും ഫുട്പാത്തുകളിലും റോഡുകളുടെ സെൻറർ മീഡിയനുകളിലും ട്രാഫിക് ഐലൻഡുകളിലും സ്ഥാപിച്ച അനധികൃത ബാനറുകൾ ഉൾപ്പെടെ നീക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ഈ സമിതികൾ രൂപവത്കരിച്ചതെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ നടപടികൾ ജില്ല ജോയന്റ് ഡയറക്ടർമാർ കൃത്യ ഇടവേളകളിൽ അവലോകനം ചെയ്യണമെന്ന് സർക്കുലർ നിർദേശിച്ചു. തദ്ദേശ സ്ഥാപന തല സമിതി രണ്ടാഴ്ചയിലൊരിക്കൽ അവരുടെ കീഴിലെ പ്രദേശങ്ങൾ പരിശോധിച്ച് അനധികൃത ബോർഡുകളും കൊടികളും ബാനറുകളും നീക്കണം. അവ സ്ഥാപിച്ച വ്യക്തികളുടെയോ സ്ഥാപന ഉടമകളുടെയോ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും പ്രോസിക്യൂഷൻ നടപടി ആരംഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ഇതേത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെടെ ഫ്ലക്സുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കാൻ നിർദേശം നൽകേണ്ടിവരും. അതേസമയം, രാഷ്ട്രീയ പാർട്ടികളുടെയും അനുബന്ധ സംഘടനകളുടെയും നിസ്സഹകരണമാണ് നടപടികളെ പ്രതിസന്ധിയിലാക്കുന്നതെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.