കേന്ദ്ര റെയില്‍വെ മന്ത്രിയുടെ പ്രതികരണം വസ്തുതാവിരുദ്ധം: മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: കേരളത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി നടത്തിയ പ്രതികരണം തികച്ചും വസ്തുതാവിരുദ്ധവും അവഗണന മറച്ചുവെക്കാനുള്ള തന്ത്രവുമാണെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. റെയില്‍വെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുളളത്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് എക്കാലവും നിഷേധാത്മക സമീപനം സ്വീകരിച്ചവരാണ് ഇപ്പോള്‍ ആക്ഷേപവുമായി രംഗത്തുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന് പ്രത്യേക പദ്ധതികളോ പുതിയ ലൈനുകളോ ട്രെയിനുകളോ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, നേരത്തേ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ആവശ്യമായ പരിഗണനയും നല്‍കുന്നില്ല. പ്രത്യേക സോണ്‍ മുതല്‍ നേമം ടെര്‍മിനലും ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലും ഷൊര്‍ണൂര്‍ മൂന്നാം ലൈനും വരെയുള്ള കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ കോള്‍ഡ് സ്റ്റോറേജിലാകുന്ന സ്ഥിതിയാണ്. പദ്ധതികള്‍ മുന്നോട്ടുവെക്കുമ്പോള്‍ ഫണ്ടില്ല, പരിഗണനയിലില്ല, പ്രായോഗികമല്ല തുടങ്ങിയ മറുപടികളാണ് നല്‍കുന്നത്. റെയില്‍വേ വികസന പദ്ധതികള്‍ക്കായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ കേന്ദ്രമന്ത്രിയെ നേരില്‍ കാണുകയും നിരവധി തവണ കത്ത് നല്‍കുകയും ചെയ്‌തെങ്കിലും സ്ഥിതിയില്‍ ഒരു മാറ്റമുണ്ടായിട്ടില്ല.

സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ റെയില്‍വേ വികസനത്തിനുള്ള സംയുക്ത സംരംഭം ആവിഷ്‌കരിക്കുക എന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ആശയത്തിന് അനുസൃതമായി, ജെവി കമ്പനികളുടെ രൂപീകരണത്തിനായി മുന്നോട്ടുവന്ന ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സംസ്ഥാനത്തെ എല്ലാ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കുന്നതിന് റെയില്‍വേ മന്ത്രാലയവുമായി സഹകരിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വാഗ്ദാനം ചെയ്ത പാലക്കാട് കോച്ച് ഫാക്ടറി, റെയില്‍വെ സോണ്‍ തുടങ്ങിയവ പോലും നിഷേധിച്ചു. കോച്ച് ഫാക്ടറിക്കായി സംസ്ഥാനം ഭൂമി നല്‍കിയിട്ടും പരിഗണിച്ചില്ല. 2020 ജൂണില്‍ ഡിപിആര്‍ സമര്‍പ്പിച്ചിട്ടും റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് പദ്ധതിക്ക് അന്തിമാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. നേമം ടെര്‍മിനലിന് 2019 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രി തറക്കല്ലിട്ടെങ്കിലും പദ്ധതിയുടെ എസ്റ്റിമേറ്റിന് ഇതുവരെ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. 2011 ല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. പണമില്ലാത്തതിനാല്‍ ഇടയ്ക്കു നിര്‍ത്തിയ കൊച്ചുവേളി പ്ലാറ്റ്‌ഫോം വികസനം ഇപ്പോഴും ഇഴയുകയാണ്. കൊല്ലം മെമു ഷെഡ് വികസനത്തിനു 42 കോടി രൂപയുടെ പദ്ധതിക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചില്ല.

 ശബരിപാത യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആരാണ് തടസ്സംനില്‍ക്കുന്നതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി വ്യക്തമാക്കണം. 1997 ല്‍ അനുവദിച്ചതാണ് ശബരി റെയില്‍ പദ്ധതി. റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് പദ്ധതി ചെലവിന്റെ 50% വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരികയും സന്നദ്ധത അറിയിക്കുകയും ചെയ്തതാണ്. എന്നിട്ടും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. നൂറുകണക്കിന് ഹെക്റ്റര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ച് വെറുതെ കിടക്കുന്നത്. 1998 ല്‍ അനുവദിച്ച ഗുരുവായൂര്‍-തിരുനാവായ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ ബോര്‍ഡ് അനുമതി വൈകുന്നതാണ് പ്രതിസന്ധി. കായംകുളം മുതല്‍ എറണാകുളം വരെ 100 കിലോമീറ്റര്‍ പാതയില്‍ കായംകുളം മുതല്‍ അമ്പലപ്പുഴ വരെ 31 കിലോമീറ്റര്‍ മാത്രമാണ് ഇരട്ടപ്പാത പൂര്‍ത്തിയായത്.

2008 ല്‍ പ്രഖ്യാപിച്ച കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പദ്ധതി കര്‍ണാടകയില്‍ വനഭൂമിയിലൂടെയുള്ള സര്‍വേയ്ക്കുള്ള തടസം മൂലം മുന്നോട്ടു പോയില്ല. കേരളം പദ്ധതിയുടെ പകുതി ചെലവു വഹിക്കാമെന്ന് 2018 ല്‍ അറിയിച്ചെങ്കിലും റെയില്‍വേ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. 2018 ല്‍ പ്രഖ്യാപിച്ച എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം പാതയ്ക്കു നാളിതു വരെ 2000 രൂപയാണ് റെയില്‍വേ അനുവദിച്ചത്.

റെയില്‍വേ വികസനത്തിന് സര്‍വെ നടത്തുന്നതില്‍ സംസ്ഥാനത്തിനുമേല്‍ വീഴ്ച ആരോപിക്കുന്ന കേന്ദ്രമന്തി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വികസനം മുടക്കാന്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ സ്വന്തം പാര്‍ട്ടി നേതാക്കളെയാണ് കേന്ദ്രമന്ത്രി ഉപദേശിക്കേണ്ടത്. കെ റെയില്‍ സര്‍വെ തടയാന്‍ ബിജെപിയും യുഡി എഫും തമ്മില്‍ മത്സരമായിരുന്നു. വികസനം മുടക്കാന്‍ കേരളത്തില്‍ നിന്നും ഒരു കേന്ദ്ര സഹമന്ത്രി തന്നെ ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാം.

ഏറ്റവും കാലപ്പഴക്കമുള്ളതും വൃത്തിഹീനവുമായ ബോഗികളിലാണ് മലയാളികള്‍ യാത്ര ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം അനുവദിച്ചതിനുശേഷമാണ് ഒരു വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് ലഭിച്ചത്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍, വന്ദേ ഭാരത് എക്പ്രസ് സര്‍വീസ് ആരംഭിച്ചതോടെ വേഗതയേറിയ ടെയിനുകളുടെ സ്വീകാര്യത കൂടുതല്‍ ബോധ്യമായി. മറ്റ് സംസ്ഥാനങ്ങളില്‍ അതിവേഗ പാതകളും ബുള്ളറ്റ് ടെയിനുകളും അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ അര്‍ദ്ധ അതിവേഗ പാതക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എന്തു പിന്തുണയാണ് നല്‍കുന്നത്. സംസ്ഥാനത്തെ റെയില്‍വെ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ നിവേദനങ്ങളുടെ കൂമ്പാരം തന്നെ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിലുണ്ട്.

റെയില്‍വേ വികസനത്തില്‍ കേരളത്തോട് കടുത്ത അവഗണന തുടരുകയും യുഡിഎഫിനൊപ്പം ചേര്‍ന്ന് കേന്ദ്ര ഭരണ കക്ഷി വികസന പ്രവര്‍ത്തങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കേരള ജനത കാണുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രസ്താവനക്കു പകരം സംസ്ഥാനം വികസന കാര്യങ്ങളില്‍ കാണിക്കുന്ന താല്പര്യത്തെ പിന്തുണയ്ക്കുകയാണ് കേന്ദ്ര റെയില്‍വെ മന്ത്രി ചെയ്യണ്ടേത്. കേരളത്തിലെ റെയില്‍വേ വികസനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ് വേണ്ടതെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

Tags:    
News Summary - Union Railway Minister's response is untrue: Minister V Abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.