തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികൾക്ക് പി.എസ്.സിയുടെ പൊലീസ് പരീക്ഷയിൽ ലഭിച്ചത് ഒരേ കോഡുള്ള ചോദ്യപേപ്പർ. എ, ബി, സി, ഡി എന്നീ കോഡുകളിൽ ‘സി’ ചോദ്യപേപ്പറിലാണ് ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരൻ പി.പി. പ്രണവും 28ാം റാങ്കുകാരൻ നസീമും പരീക്ഷയെഴുതിയത്. കൂടാതെ കുത്തുകേസിലെ രണ്ടാം പ്രതിയും യൂനിവേഴ്സിറ്റി കോളജിലെ മുൻ യൂനിറ്റ് പ്രസിഡൻറുമായിരുന്ന നസീം പരീക്ഷയെഴുതിയിരുന്നത് രണ്ട് വ്യാജ പി.എസ്.സി പ്രൊഫൈലിലൂടെയാണെന്ന വിവരവും പുറത്തുവന്നു.
സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി (കാസര്‍കോട്) നാലാം ബറ്റാലിയനിലേക്ക് 2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ ഒ.എം.ആർ പരീക്ഷ ശിവരഞ്ജിത്ത് (രജി. നമ്പർ 555683) ആറ്റിങ്ങല്‍ വഞ്ചിയൂരുള്ള ഗവ. യു.പി സ്കൂളിലും പി.പി. പ്രണവ് (രജി. നമ്പർ 552871) ആറ്റിങ്ങല്‍ മാമം ഗോകുലം പബ്ലിക് സ്കൂളിലും നസീം (രജി. നമ്പർ 529103) തൈക്കാട് ഗവ. ടീച്ചര്‍ എജുക്കേഷന്‍ കോളജിലുമാണ് എഴുതിയത്. ഇവരുടെ രജിസ്റ്റർ നമ്പർ കണക്കാക്കുമ്പോൾ പ്രതികൾക്ക് ഒരേ കോഡുള്ള ചോദ്യപേപ്പർ കിട്ടാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പി.എസ്.സി വിജിലൻസ്.
ഒരേ കോഡുള്ള ചോദ്യപേപ്പർ കിട്ടാൻ പി.എസ്.സി ആസ്ഥാനത്തെ ടെക്നിക്കൽ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെയോ പരീക്ഷ ഹാളിൽ ഉണ്ടായിരുന്ന ഇൻവിജിലേറ്ററുടെയോ സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയം പി.എസ്.സി അംഗങ്ങൾക്കിടയിൽ തന്നെയുണ്ട്.
പരീക്ഷ ആരംഭിക്കുംമുമ്പ് ഇൻവിജിലേറ്റർ ഉദ്യോഗാർഥികളുടെ മൊബൈൽ ഫോൺ അടക്കം മാറ്റിവെക്കാൻ ആവശ്യപ്പെടും. പലരും ഇന്വിജിലേറ്ററിെൻറ അടുത്തുള്ള മേശയില്വെക്കുമെങ്കിലും കൂടുതൽ പരിശോധനക്ക് ഇൻവിജിലേറ്റർ മുതിരാറില്ല. അതിനാൽതന്നെ ഫോൺ കൈവശം െവച്ചും പരീക്ഷ എഴുതുന്നവരുണ്ട്. പരീക്ഷ സമയത്ത് ശിവരഞ്ജിത്തിെൻറയും പ്രണവിെൻറയും മൊബൈലിലേക്ക് 96ഉം 78ഉം സന്ദേശങ്ങൾ എത്തിയതിനെ പി.എസ്.സി സംശയ ദൃഷ്ടിയോടെ കാണുന്നത് ഇതിനാലാണ്.
പരീക്ഷവേളയിൽ ഒമ്പത് സന്ദേശങ്ങൾ ശിവരഞ്ജിത്തിെൻറ മൊബൈലിൽനിന്ന് പുറത്തേക്ക് പോയിട്ടുണ്ട്. ഇത് ചോദ്യപേപ്പറിെൻറ കോഡും പരീക്ഷചോദ്യങ്ങളുമായിരിക്കാമെന്നാണ് പി.എസ്.സിയുടെ പ്രാഥമിക നിഗമനം.നസീം പി.എസ്.സി പരീക്ഷയെഴുതിയിരുന്നത് രണ്ട് വ്യാജ പ്രൊഫൈലുകളിലൂടെയാണ്. ഒന്നിലധികം പ്രൊഫൈലുള്ളവരെ അയോഗ്യരാക്കണമെന്ന ചട്ടം നിലനിൽക്കെയാണ് ഏകജാലക സംവിധാനത്തിലൂടെ നസീം ഒന്നിലധികം അക്കൗണ്ടുകൾ തുറന്ന് പി.എസ്.സി പരീക്ഷകൾ മാറി മാറി എഴുതിയത്.
2012ൽ നസീം പി.എസ്.സിക്ക് നൽകിയ പ്രൊഫൈലിൽ മേൽവിലാസം ടി.സി 49/ 198, ചടച്ചുവിളാകം, കല്ലാട്ടുനഗർ, മണക്കാട് പി.ഒ എന്നായിരുന്നു. എന്നാൽ, 2017ൽ ടി.സി നമ്പർ 49/1998 ആയി. ആദ്യ പ്രൊഫൈലിൽ ജനനതീയതി 1992 ഏപ്രിൽ ഒമ്പതായിരുന്നെങ്കിൽ 2017ലെ അക്കൗണ്ടിൽ ജനനതീയതി 1991 ഡിസംബർ ഒമ്പതായി.
രണ്ട് പ്രൊഫൈലിലെ ഒപ്പിലും വ്യത്യാസങ്ങളുണ്ട്. 2017ലെ അക്കൗണ്ട് നിലനിൽക്കെ 2012ലെ പ്രൊഫൈലിലൂടെയാണ് നസീം സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയനിലെ പരീക്ഷക്ക് അപേക്ഷിച്ചത്. ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ രണ്ട് പ്രൊഫൈലിലുള്ള വിവരങ്ങളും തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പി.എസ്.സിയെ തെറ്റിദ്ധരിപ്പിച്ചെന്ന പേരിൽ നസീമിനെ പി.എസ്.സി പരീക്ഷകളിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താൻ കമീഷൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.