തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ പ്രഥമ യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സനായി അനശ്വര എസ്. സുനിലിനെ തെരഞ്ഞെടുത്തു. വയനാട് ഗവ. എൻജിനീയറിങ് കോളജ് നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയാണ് അനശ്വര.
ജന. സെക്രട്ടറിയായി തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ കെ. അഞ്ജന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാലാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയാണ്. മുഴുവൻ സീറ്റിലും എസ്.എഫ്.ഐക്കാണ് വിജയം. ചൊവ്വാഴ്ച സർവകലാശാല ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ സർവകലാശാല യൂനിയൻ ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 42ൽ 28 പേർ വോട്ടുരേഖപ്പെടുത്തി. 25 വോട്ട് നേടിയാണ് അനശ്വര ചെയർപേഴ്സനായത്. വൈസ് ചെയർമാൻമാരായി പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജിലെ എം.ടി. ആര്യ വിജയൻ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എബി ജോ ജോസ്, തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ പി.കെ. ആൽബിൻ എന്നിവരെയും തെരഞ്ഞെടുത്തു. മൂന്നുപേർക്കും എതിരില്ലായിരുന്നു.
ജോയന്‍റ് സെക്രട്ടറിമാരായി ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിലെ എസ്. വൈശാഖ്, തലശ്ശേരി എൻജിനീയറിങ് കോളജിലെ വി. രാഹുൽ, കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിലെ ആർദ്ര ആർ. കുമാർ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.