തൃശൂർ: കോവിഡ് അതിവ്യാപനത്തിലും അല്ലാതെയും മരണനിരക്ക് ഉയർന്നിരിക്കെ, പൊലീസ് അനാവശ്യ പോസ്റ്റ്മോർട്ടങ്ങൾക്ക് നിർബന്ധിക്കുന്നതായി ആക്ഷേപം. തൃശൂർ ഗവ. മെഡിക്കൽ കോളജ് ഫോറൻസിക് സർജനും അഡീഷനൽ പ്രഫസറുമായ ഡോ. ഹിതേഷ് ശങ്കറാണ് സമൂഹ മാധ്യമത്തിൽ വിമർശനമുന്നയിച്ചത്. വിമർശനം മറ്റു ഫോറൻസിക് സർജൻമാർ ഏറ്റെടുത്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിനുള്ള നേരിയ സാധ്യതകളെ പോലും ഇല്ലാതാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള മെഡിക്കോ ലീഗൽ സൊസൈറ്റി സെക്രട്ടറിയായ ഡോ. ഹിതേഷ്, രാജ്യത്ത് ആദ്യമായി മൃതദേഹം കീറിമുറിക്കാതെ വെർച്ച് ഓപ്സി പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ ഇപ്പോൾ പ്രതിദിനം മൂന്നു മുതൽ 10 വരെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് എത്തുന്നു. ഇതിൽ പലതും അനാവശ്യവും ഉറ്റവരുടെ വിയോഗത്തിൽ മനംപിടഞ്ഞ് നിൽക്കുന്നവരെ പിന്നെയും ദുരിതത്തിലാക്കുന്നതുമാണെന്ന് ഹിതേഷ് ശങ്കർ കുറ്റപ്പെടുത്തുന്നു. ഫോറൻസിക് വിദഗ്ധനും പൊലീസും ഇടപെട്ട് അനാവശ്യ പോസ്റ്റ്മോർട്ടങ്ങൾ ഒഴിവാക്കണമെന്ന് വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും എന്നാൽ, അത്തരം നടപടി പൊലീസിൽനിന്ന് ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംശയത്തിെൻറ ചെറുകണികയുണ്ടെങ്കിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം വേണം. എന്നാൽ, കോവിഡ് ബാധിച്ച് നിരവധി പേർ വീടുകളിൽ ചികിത്സയിലാണ്. രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിക്കുന്ന നിരവധി കേസുകളുണ്ട്. അതെല്ലാം പോസ്റ്റ്മോർട്ടത്തിന് അയക്കേണ്ട ആവശ്യമില്ല. മരിച്ചിട്ട് ആശുപത്രിയിൽ എത്തിക്കുന്ന എല്ലാ കേസുകളിലും വിവരം നൽകുക എന്നത് ഡോക്ടറുടെ ഉത്തരവാദിത്തമാണ്. ഇത്തരം സാഹചര്യങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് പോസ്റ്റ്മോർട്ടത്തിന് അയക്കണമെങ്കിൽ അസ്വാഭാവികതയോ മരണത്തിൽ സംശയമോ ഉണ്ടാവണം. മരണ കാരണത്തിൽ അവ്യക്തതയുണ്ടെങ്കിലും പോസ്റ്റ്മോർട്ടം നടത്താം. കൊലപാതക സാധ്യത ദൂരീകരിക്കുകയാണ് ഇതിെൻറ പ്രധാന ലക്ഷ്യം.
പ്രാഥമിക അന്വേഷണം പോസ്റ്റ്മോർട്ടത്തിന് മുമ്പാണ് നടത്തേണ്ടത്. അതിനുശേഷം ആവശ്യമെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് പോസ്റ്റ്മോർട്ടം നടപടികളിലേക്ക് നീങ്ങിയാൽ മതി. അസ്വാഭാവികതയില്ലെങ്കിൽ മൃതദേഹം കാലതാമസമില്ലാതെ ബന്ധുക്കൾക്ക് കൈമാറാൻ കഴിയും. എന്നാൽ, അനാവശ്യമായ ൈവകലിലൂടെ മരണ ദുഃഖം േപറുന്ന ബന്ധുക്കൾക്ക് മറ്റൊരു ദുരിതം കൂടിയാണ് ഉണ്ടാക്കുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നതും ഒഴിവാക്കണം. മൃതദേഹം നശിച്ചാൽ മേലുദ്യോഗസ്ഥർക്ക് മാത്രമല്ല, ആർക്കും സഹായിക്കാനാവില്ല. കേസ് തോൽക്കും. ചില കേസുകളിൽ പോസ്റ്റ്മോർട്ടം രാത്രിയിലും വേണ്ടിവരും. അതിന് ഡോക്ടർമാർ സന്നദ്ധരാകണമെന്നും ഹിതേഷ് ശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.