പത്തനംതിട്ട: നാടുനീളെ തട്ടിപ്പ് നടത്തി നിരവധി കേസുകളിലെ പ്രതിയായ സി.ഐ.ടി.യു മുൻ ഓഫിസ് സെക്രട്ടറി, മന്ത്രിസഭാംഗത്തിന് പൊള്ളലേറ്റതോടെ പൊങ്ങി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി അഖിൽ സജീവിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംസ്ഥാന വ്യാപകമായ സമാനമായ പല തട്ടിപ്പുകളുടെയും ചുരുളഴിയുമെന്നാണ് സൂചന. ഫോണുകൾ ഓഫാക്കി സമൂഹ മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്ന ഇയാൾ തന്ത്രപരമായാണ് നീങ്ങിയിരുന്നത്.
സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും നേതൃസ്ഥാനത്തുണ്ടായിരുന്ന പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖിൽ സജീവ് രണ്ടുവർഷം മുമ്പ് പാർട്ടിയിൽനിന്ന് പുറത്തായിട്ടും തട്ടിപ്പുകളുമായി സജീവമായിരുന്നു. സി.ഐ.ടി.യു പത്തനംതിട്ട ജില്ല കമ്മിറ്റി അക്കൗണ്ടിൽനിന്ന് 3.60 ലക്ഷം രൂപ തട്ടിയതുൾപ്പെടെ വിവിധ തിരിമറി കേസുകളിൽപെട്ട ഇയാളെ 15 മാസമായിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒളിവിലായിരുന്നെന്നാണ് ഇത്രയുംനാൾ പൊലീസിന്റെ വാദം.
വീടുപൂട്ടി നാടുവിട്ട ഇയാൾ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ തങ്ങി തട്ടിപ്പുകളിലൂടെ ലക്ഷങ്ങൾ പോക്കറ്റിലാക്കി. ടൈറ്റാനിയത്തിലും ടൂറിസം വകുപ്പിലും തുടങ്ങി ഇയാളും സംഘവും ഇടപെട്ട വിവിധ തട്ടിപ്പുകൾ പുറത്തുവരുന്നുണ്ട്. പൂർവകാല രാഷ്ട്രീയ പശ്ചാത്തലവും ഉന്നതരുമായുള്ള സൗഹൃദവും കാണിച്ചാണ് ഇരകളെ വീഴ്ത്തിയത്. താൻ പിടിയിലായാൽ പല പ്രമുഖരും കുടുങ്ങുമെന്ന് അഖിൽ സമൂഹമാധ്യമത്തിൽ പോസ്റ്റും ഇട്ടിരുന്നു.
ഇയാളുടെ അടഞ്ഞുകിടക്കുന്ന വള്ളിക്കോട് വായനശാല ജങ്ഷനുസമീപത്തെ വീട്ടിൽ വിവിധ കോടതികളുടെ കേസുകളുമായി ബന്ധപ്പെട്ട് നിരവധി നോട്ടീസുകൾ പതിച്ചിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷനിൽ ആറു കേസാണുള്ളത്. സി.ഐ.ടി.യു അക്കൗണ്ട് സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം രൂപ പറ്റിച്ചെന്ന ഓമല്ലൂർ സ്വദേശിയുടെ കേസിലും ഉടൻ അറസ്റ്റുണ്ടാകും. സി.ഐ.ടി.യു കേസിൽ പത്തനംതിട്ടയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷമാകും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക.
ഇയാളുടെ പത്തനംതിട്ടയിലെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് സൂചനയുണ്ട്. മന്ത്രി വീണ ജോർജിന്റെ ഓഫിസിലേക്ക് ആരോപണം നീണ്ടതോടെ സി.ഐ.ടി.യു അക്കൗണ്ട് തട്ടിപ്പിൽ പത്തനംതിട്ട ഡിവൈ.എസ്.പി പി. നന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അഖിലിനെ പിടിക്കാനുള്ള നീക്കം സജീവമാക്കിയിരുന്നു.
ഒളിവില്‍ കഴിഞ്ഞത് ഒറ്റക്കാണെന്നും മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചതും പൊലീസിന് പിടിവള്ളിയായി. അഴിമതി ആരോപണത്തിലും അറസ്റ്റ് വൈകുന്നതിലും സർക്കാർ പ്രതിക്കൂട്ടിലായതോടെ ഇയാളെ സംരക്ഷിച്ചിരുന്നവരുടെ നിർദേശപ്രകാരം കീഴടങ്ങിയതാണെന്ന സൂചനകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.