കൊച്ചി: ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ പറ്റുന്നത് തെറ്റാണെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ. ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണം. എല്ലാവർക്കും നീതി ലഭിക്കുന്ന സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് വിഷയത്തിൽ കോൺഗ്രസ്-സി.പി.എം അമിതാവേശത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്ന് മുരളീധരൻ പറഞ്ഞു. നടൻ പൃഥ്വിരാജിനെതിരായ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക് അനുവദിക്കുന്ന മെറിറ്റ് സ്കോളർഷിപ് 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്ത സംസ്ഥാന സർക്കാറിന്റെ ഉത്തരവുകളാണ് ഹൈകോടതി റദ്ദാക്കിയത്.
കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗക്കാർക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യണമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാർ ഒരു സമുദായത്തിന് മാത്രമായി മുൻഗണന നൽകുന്നെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കലാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.