തിരുവനന്തപുരം: കെ.പി.സി.സി മുൻ ട്രഷറർ വി. പ്രതാപചന്ദ്രന്റെ നിര്യാണത്തിൽ പരാതി തള്ളി കെ.പി.സി.സി അന്വേഷണ കമീഷൻ. പ്രതാപചന്ദ്രന് ഒരുവിധ മാനസികസമ്മര്‍ദവും ഉണ്ടായിട്ടില്ല. കെ.പി.സി.സി ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രമേശ്, പ്രമോദ് എന്നിവർക്കെതിരായ ആരോപണത്തിൽ ഗൂഢാലോചനയുണ്ട്. ചില വ്യക്തികളുടെ പ്രേരണയിലാണ് മകന് പരാതി നല്‍കിയതെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതാപചന്ദ്രന്റെ മകൻ പ്രജിത്ചന്ദ്രന്റെ പരാതിയിൽ കെ.പി.സി.സി പ്രസിഡന്റാണ് അന്വേഷണം പ്രഖ്യാപിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. മരിയാപുരം ശ്രീകുമാര്‍, അഡ്വ. സുബോധന്‍ എന്നിവരായിരുന്നു അന്വേഷണ കമീഷൻ. കെ. സുധാകരൻ പ്രസിഡന്റായതിന് പിന്നാലെ കെ.പി.സി.സി ഓഫിസിൽ നിയോഗിക്കപ്പെട്ട രമേശ്, പ്രമോദ് എന്നിവരുമായി ബന്ധപ്പെട്ടാണ് മകൻ പരാതി ഉന്നയിച്ചത്.
ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ മനോവിഷമത്തിലാണ് പ്രതാപചന്ദ്രന് ഹൃദയാഘാതം സംഭവിച്ചതെന്നായിരുന്നു പരാതി. എന്നാൽ, ജീവിച്ചിരിെക്ക പ്രതാപചന്ദ്രന് പാര്‍ട്ടിയോട് ഇവരെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രതാപചന്ദ്രനെതിരായി വന്ന വാര്‍ത്തകള്‍ അതത് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ പേര് വെച്ച് നല്‍കിയതാണ്. അതില്‍ രമേശിനോ പ്രമോദിനോ പങ്കില്ലെന്നും റിപ്പോർട്ട് പറയുന്നു. മരണം വിവാദമായതിന് പിന്നിൽ കെ.പി.സി.സിയിലെ ജീവനക്കാർക്കിടയിലെ പ്രശ്നമാണെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പഠിച്ച് നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. 2022 ഡിസംബര്‍ 21നായിരുന്നു പ്രതാപചന്ദ്രന്റെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.