താലൂക്കുതല അദാലത്തില്‍ പരാതികള്‍ സമയത്ത് അറിയിക്കാന്‍ കഴിയാതിരുന്നവരെ തിരിച്ചയക്കില്ലെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം : താലൂക്ക് അദാലത്തില്‍ നിദേശിച്ച പ്രകാരം നേരത്തെ പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ അപേക്ഷകരെ തിരിച്ചയക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ തിരുവനന്തപുരം താലൂക്കുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദഹം. പരാതികള്‍ സ്വീകരിച്ച് മറ്റൊരു ദിവസം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥതലത്തില്‍ പരിഹാരം കാണാന്‍ പോകാതെ കഴിയുന്ന പരാതികളില്‍ ഉടന്‍തന്നെ മന്ത്രിമാര്‍ ഇടപെടുമെന്നും പൊതുജനങ്ങള്‍ ക്ഷമയോടെ അദാലത്തിനെ പൂർണമായും ഉപയോഗപ്പെടുത്തി വിജയിപ്പിക്കണം. ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്തുണക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം മന്ത്രി ആവര്‍ത്തിച്ചു.

ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഇല്ലെന്ന് ഉറപ്പുവരുത്താനാണ് മൂന്ന് മന്ത്രിമാരും നേരിട്ട് എത്തിയതെന്നും തീരസദസ്, വനസൗഹൃദ സദസ് തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധതരത്തിലുള്ള പ്രശ്‌നപരിഹാര പരിപാടികള്‍ നടന്നു വരികയാണെന്നും ആന്റണി രാജു പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനും ദീര്‍ഘകാലമായി പരിഹരിക്കാതെ കിടന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരപരിഹാരം കാണാനുമാണ് സര്‍ക്കാര്‍ താലൂക്കുതല അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.

എസ്.എം.വി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എ.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - V. Shivankutty said that those who could not report their complaints in the Taluk Adalath will not be sent back.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.