ഒന്നാം ഹയർസെക്കന്ററി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഹയർ സെക്കന്ററിയിൽ പരീക്ഷകളുടെ ആധിക്യം മൂലം വളരെയധികം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷ വർഷാന്ത്യ ഒന്നാം വർഷ പരീക്ഷയോടൊപ്പം നടത്തുന്നതിന് 2023 ഏപ്രിൽ 26 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഒരു ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷാകാലം പൂർത്തിയാക്കാൻ മൂന്ന് മാസം ആവശ്യമാണ്. പരീക്ഷാ നോട്ടിഫിക്കേഷൻ പരീക്ഷാ തീയതിക്ക് കുറഞ്ഞത് രണ്ട് മാസം മുമ്പ് പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ചോദ്യപേപ്പർ നിർമാണം, അച്ചടി തുടങ്ങിയവ പൂർത്തിയാക്കുന്നതിനും ഫീസ് സ്വീകരിക്കൽ, ഇതിന്റെ വെരിഫിക്കേഷൻ തുടങ്ങി ഹാൾ ടിക്കറ്റ് വിതരണം വരെ സ്‌കൂളിന്റെ സുഗമമായ പ്രവർത്തനങ്ങളിൽ തടസമുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകുന്നു.

ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ച് ക്ലാസുകൾ കൃത്യമാകാൻ തുടങ്ങുമ്പോഴാണ് രണ്ടാം വർഷത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കായി സ്‌കൂൾ പ്രവർത്തനങ്ങൾ താളം തെറ്റുന്നത്. ഇംപ്രൂവ്‌മെന്റ് - സപ്ലിമെന്ററി പരീക്ഷകൾ കൊണ്ട് ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും ക്ലാസുകൾ നഷ്ടപ്പെടുന്നുണ്ട്.

ഹയർസെക്കൻ്ററിയിൽ 46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണുള്ളത്. ഇത്രയും പരീക്ഷകൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ മാത്രം നടത്തിത്തീർക്കാൻ ചുരുങ്ങിയത് പത്തു ദിവസമെങ്കിലും വേണ്ടി വരും. നിലവിൽ ഇംപ്രൂവ്‌മെന്റ് - സപ്ലിമെന്ററി പരീക്ഷ സെപ്തംബർ- ഒക്‌ടോബർ മാസത്തിലാണ് നടക്കുന്നത്. ഇതിന്റെ മൂല്യ നിർണയത്തിന് 15 മുതൽ 25 ദിവസങ്ങൾ വരെ ആവശ്യമാണ്.

പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ പുനർ മൂല്യനിർണയത്തിനും ഇത്രയും ദിവസങ്ങൾ ആവശ്യമാണ്. ഇത്രയും ദിവസം ഇതിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് ക്ലാസ് എടുക്കാൻ കഴിയാത്ത സാഹചര്യം സംജാതമാകുന്നു. ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞാൽ രണ്ടാം വർഷ വിദ്യാർഥികളും ഒന്നാം വർഷ പാഠഭാഗങ്ങളുടെ പഠനത്തിലേക്ക് മാറും. ഇംപ്രൂവ്‌മെന്റ് - സപ്ലിമെന്ററി പരീക്ഷകൾ കൊണ്ട് ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് രണ്ടു മാസത്തെ ക്ലാസുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്.

അക്കാദമിക ഗുണനിലവാരം വർധിപ്പിക്കാനും മികച്ച പഠനാനുഭവങ്ങൾ ഉണ്ടാകുവാനും പരമാവധി സാധ്യായ ദിവസങ്ങൾ ലഭിക്കുവാനും വേണ്ടിയാണ് ഇംപ്രൂവ്‌മെന്റ്- സപ്ലിമെന്ററി പരീക്ഷകൾ വർഷാവസാനം നടത്താൻ തീരുമാനിച്ചത്. എന്നാൽ ഒന്നാം വർഷ പരീക്ഷ എഴുതുന്നതിന് മുമ്പ് ഈ ഉത്തരവ് വരാത്തതിനാൽ വിദ്യാർത്ഥികൾ ഈ വർഷം കൂടി ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ കഴിഞ്ഞവർഷത്തേതുപോലെ തുടരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതുൾക്കൊള്ളുന്നു.

അതിനാൽ ഈ വർഷം കൂടി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തും. അടുത്ത വർഷം മുതൽ ഈ പരീക്ഷകളും ഒന്നാം വർഷ വാർഷിക പരീക്ഷയോടൊപ്പമായിരിക്കും നടത്തുകയെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

Tags:    
News Summary - V. Shivankutty that the first higher secondary improvement-supplementary examinations will be conducted as last year.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.