കൊച്ചി: പ്രിയപ്പെട്ട അധ്യാപകന്റെയും വിദ്യാർഥികളുടെയും വിയോഗത്തിൽ ദുഃഖം താങ്ങാനാവാതെ കലാലയവും നാടും. പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽ മരിച്ച അഞ്ച് വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ അത് നാടിന്റെ നെഞ്ചുപിളരും കാഴ്ചയായി. പിഞ്ചു വിദ്യാർഥികളുടെയും അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെയും വേർപാടിന്റെ പശ്ചാത്തലത്തിൽ മുളന്തുരുത്തിയും തിരുവാണിയൂരും ഉച്ചക്കു ശേഷം ഹർത്താൽ ആചരിക്കുകയാണ്. മരിച്ചവർ എല്ലാവരും തന്നെ ഈ രണ്ടു പ്രദേശങ്ങളിൽ ഉള്ളവരാണ്.
വൈകീട്ട് മൂന്നു മണിയോടെയാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് എത്തിച്ചത്. മരിച്ച ഒമ്പതു പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ജൻമനാടുകളിലേക്ക് കൊണ്ടുപോയി. നാലു പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും അഞ്ചു പേരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം ചെയ്തത്.
വിനോദയാത്ര സംഘത്തിന്റെ ബസിൽ 42 വിദ്യാർഥികളും അഞ്ച് അധ്യാപകരും കെ.എസ്.ആർ.ടി.സി ബസിൽ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. നിലവിൽ രണ്ട് പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
മന്ത്രിമാരായ ആന്റണി രാജു, പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തോമസ് ചാഴികാടൻ എംപി, എം.എൽ.എമാരായ കെ.ബാബു, അനൂപ് ജേക്കബ്, പി.വി. ശ്രീനിജിൻ. മുൻ എം.എൽ.എമാരായ എം.സ്വരാജ്, എം.ജെ. ജേക്കബ്, വി.പി.സജീന്ദ്രൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.