കണ്ണൂരിലെ വൈദേകം റിസോര്‍ട്ട്‌: നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ കമ്പനിക്ക്

കണ്ണൂർ: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെ വിവാദച്ചുഴിയിലാക്കിയ കണ്ണൂർ മൊറാഴയിലെ ആയുർവേദ റിസോർട്ട് ‘വൈദേകം’ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്‌സ് ഏറ്റെടുത്തു. മൂന്നു വർഷത്തേക്ക് റിസോർട്ടിന്റെ നടത്തിപ്പ് ചുമതലയും തുടർന്ന് ഉടമസ്ഥതയും നിരാമയ റിട്രീറ്റ്‌സ് കമ്പനിയിൽ നിക്ഷിപ്തമാകും.

ഇതുസംബന്ധിച്ച് വൈദേകം ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡും നിരാമയ റിട്രീറ്റ്‌സും ധാരണയിൽ ഒപ്പുവെച്ചു. വിഷുദിനത്തിൽ ഒപ്പിട്ട കരാർ പ്രാബല്യത്തിൽവന്നു.നടത്തിപ്പും ഭരണ നിർവഹണവും അടക്കം എല്ലാ കാര്യങ്ങളുടെയും ചുമതല നിരാമയക്ക് ആയിരിക്കും. ഇതുസംബന്ധിച്ച് നേരത്തേ തീരുമാനമെടുത്തെങ്കിലും മന്ത്രി രാജീവ് ചന്ദ്രശേഖർ അക്കാര്യം നിഷേധിച്ചിരുന്നു.

ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മകൻ പി.കെ. ജയ്സൺ എന്നിവരുടെ 91.99 ലക്ഷം രൂപയുടെ ഓഹരികൾ കൈമാറാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി പല കമ്പനികളുമായി ചർച്ച നടത്തുന്നതിനിടെയാണ് നിരാമയ റിട്രീറ്റ്‌സ് സമീപിച്ചത്. ഇ.പിയുടെ കുടുംബത്തിന്റെ നിക്ഷേപമല്ല, കമ്പനി മുഴുവൻ ഏറ്റെടുക്കാൻ ഇവർ സന്നദ്ധത അറിയിക്കുകയും ചെയ്തു. എത്ര രൂപക്കാണ് കൈമാറ്റമെന്ന് പുറത്തുവിട്ടിട്ടില്ല. കമ്പനി നടത്തിപ്പ് ചുമതല പൂർണമായും നിരാമയ റിട്രീറ്റ്‌സ് ഏറ്റെടുത്തതായി വൈദേകം സി.ഇ.ഒ തോമസ് ജോസഫ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. മറ്റ് കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

റിസോർട്ടിലെ നിക്ഷേപം ചൂണ്ടിക്കാട്ടിയാണ് സി.പി.എം സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജനെതിരെ പി. ജയരാജൻ അനധികൃത സ്വത്ത് സമ്പാദന പരാതി ഉന്നയിച്ചത്. പാർട്ടിയിൽ ഒറ്റപ്പെടുന്ന സ്ഥിതി വന്നതോടെയാണ് ഓഹരികൾ കൈമാറാൻ ഇ.പി തീരുമാനിച്ചത്. ഓഹരികൈമാറ്റ നടപടികൾ പൂർത്തിയാകാൻ ഏറെ കാത്തിരിക്കേണ്ടതിനാലാണ് നടത്തിപ്പ് ചുമതല ഉടൻ കൈമാറിയത്.

Tags:    
News Summary - Vaidekam Resort, Kannur: Management Union Minister Rajeev Chandrasekhar's company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.