കൊച്ചി: സനു മോഹൻ മകൾ വൈഗയെ കൊലപ്പെടുത്തിയ രീതിയും അതിനായി നടത്തിയ ആസൂത്രണവും ഞെട്ടിക്കുന്നതായിരുന്നു. കൃത്യം നടത്തുന്നതിന് ആഴ്ചകൾക്ക് മുമ്പുതന്നെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിർത്തി. അടുത്ത സുഹൃത്തുക്കളുമായിപ്പോലും മൊബൈലിൽ സംസാരിച്ചില്ല. തന്റെ ഫോൺ തകരാറിലാണെന്ന് പറഞ്ഞ് ഭാര്യ രമ്യയുടെ ഫോൺ ഉപയോഗിച്ചുതുടങ്ങി. ബന്ധുക്കളുമായി അകലം പാലിച്ചിരുന്ന സനു അവരുമായി ബോധപൂർവം കൂടുതൽ ഇടപഴകാൻ ശ്രമിച്ചു. ചോദ്യംചെയ്യലിൽ പ്രതി വെളിപ്പെടുത്തിയ കാര്യങ്ങളാണ് സംഭവത്തിന്റെ ക്രൂരത വരച്ചുകാട്ടിയത്.
കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിലായിരുന്നു സനു മോഹനും ഭാര്യയും വൈഗയും താമസം. കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചിരുന്ന വൈഗ ‘ബില്ലി’ എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. 2021 മാർച്ച് 21ന് ഇവർ കായംകുളത്തെ ബന്ധുവീട്ടിലേക്ക് പോയി.
ഭാര്യയെ അവിടെ നിർത്തി അമ്മാവന്റെ വീട്ടിലേക്കെന്നുപറഞ്ഞ് സനു മകളെയും കൂട്ടിയിറങ്ങി. രാത്രി വൈകിയും തിരിച്ചെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിറ്റേ ദിവസമാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയത്.
കായംകുളത്തുനിന്ന് കൊച്ചിയിലെ ഫ്ലാറ്റിലേക്കാണ് സനുവും മകളും വന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫ്ലാറ്റിലേക്ക് വരുംവഴി മകൾക്ക് തുറവൂരിലെ ഹോട്ടലിൽനിന്ന് അൽഫാമും കോളയും വാങ്ങി നൽകി. സാമ്പത്തിക ബാധ്യതയെക്കുറിച്ചും നമ്മൾ മരിക്കാൻ പോകുകയാണെന്നും പറഞ്ഞപ്പോൾ നിഷ്കളങ്കയായ ആ പെൺകുട്ടി മൂളിക്കേട്ടു. ‘അമ്മകൂടി വേണ്ടേ അച്ഛാ’എന്ന മകളുടെ ചോദ്യത്തിന് ‘അമ്മ ജീവിച്ചുകൊള്ളും’ എന്നായിരുന്നു സനുവിന്റെ മറുപടി. കൃത്യത്തിനുമുമ്പ് ആഭരണങ്ങൾ അഴിച്ചുമാറ്റി. ആദ്യം തുണികൊണ്ട് മുഖത്തമർത്തിയും പിന്നെ തന്റെ ശരീരത്തോട് ചേർത്ത് അമർത്തിപ്പിടിച്ചും ശ്വാസം മുട്ടിച്ചു. ബോധം നഷ്ടപ്പെട്ട മകളെ പുതപ്പിൽ പൊതിഞ്ഞ് തോളത്തെടുത്തു. അപ്പോഴും ജീവനുണ്ടായിരുന്ന അവളുടെ മൂക്കിൽനിന്ന് തറയിൽ വീണ രക്തത്തുള്ളികൾ സനു തുടച്ചുമാറ്റി. കാറിന്റെ പിന്‍സീറ്റിൽ കിടത്തി മുട്ടാർ പുഴക്കരികിലെത്തി. അപ്പോൾ സമയം രാത്രി 10.30. കുട്ടിയെ വാഹനത്തിൽനിന്ന് പുറത്തെടുത്ത് കൽപ്പടവിലിറങ്ങിനിന്ന് പുഴയിലേക്കെറിഞ്ഞു. തുടർന്ന് കാറിൽ കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മകൾക്ക് വാങ്ങി നൽകിയ കോളയിൽ ഇയാൾ മദ്യം കലർത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. സനു ഇക്കാര്യം നിഷേധിച്ചു. എന്നാൽ, ആന്തരികാവയവങ്ങളുടെ പരിശോധനയിൽ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു.
കൊച്ചി: വൈഗയെ കൊലപ്പെടുത്തിയ കേസിൽ 90 ദിവസത്തികം കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് കഠിനപ്രയത്നംതന്നെ നടത്തി. രാജ്യവ്യാപകമായി തിരച്ചിലും തെളിവെടുപ്പും വേണ്ടിവന്ന കേസ് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. 2021 ജൂലൈ ഒമ്പതിന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ തൃക്കാക്കര പൊലീസ് ഇന്‍സ്പെക്ടർ കെ. ധനപാലൻ 240 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.60ലധികം ഹോട്ടലുകളും ഇരുപതോളം വീടുകളും സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിന് ഫോൺ കാളുകളും പരിശോധിച്ചു. സനുവിന്റെ ഭാര്യ, ബന്ധുക്കൾ, സുഹൃത്തുക്കൾ, ഫ്ലാറ്റിലെ താമസക്കാർ എന്നിവരടക്കം മുന്നൂറോളം സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ പരിശോധന ഫലങ്ങളടക്കം നൂറോളം രേഖകളും 70 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. അന്നത്തെ സിറ്റി പൊലീസ് കമീഷണർ നാഗരാജു, ഡെപ്യൂട്ടി കമീഷണർ ഐശ്വര്യ ഡോങ്ഡെ എന്നിവരുടെ മേൽനോട്ടത്തിൽ എ.സി.പി ആർ. ശ്രീകുമാർ, ഇൻസ്പെക്ടർ കെ. ധനപാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കളമശ്ശേരി ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ ഷെമീർഖാൻ, അരുൺ, എ.എസ്.ഐ ഗിരീഷ് കുമാർ, എസ്.സി.പി.ഒമാരായ രഞ്ജിത് ബി. നായർ, എം.എസ്. ജാബിർ, മാഹിൻ അബൂബക്കർ, എം.എസ്. ഷജീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.