പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ പുതിയ ഒരുതെളിവും ശേഖരിക്കാതെ 'പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകുകയാണ് ചെയ്തതെ'ന്ന് പാലക്കാട് പോക്സോ കോടതി. സി.ബി.ഐ കുറ്റപത്രം നിരസിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് അന്വേഷണ ഏജൻസിക്കെതിരെ വിചാരണക്കോടതി ജഡ്ജി എൽ. ജയവന്തിന്റെ അതിരൂക്ഷ വിമർശനം.
സി.ബി.ഐ ലോക്കൽ പൊലീസ് റിപ്പോർട്ട് അതുപോലെ സ്വീകരിച്ചെന്നാണ് കാണുന്നത്. പുതിയ ഒരുതെളിവും ശേഖരിക്കുകയുണ്ടായില്ല. പ്രാരംഭ അന്വേഷണത്തിലെ പിഴവുമൂലം ശാസ്ത്രീയ തെളിവുകളോ നേരിട്ടുള്ള തെളിവുകളോ ശേഖരിക്കാതെപോയ ഈ കേസിൽ സാധ്യമായ സാഹചര്യത്തെളിവുകൾ കണ്ടെത്തി പ്രതികൾ കുറ്റക്കാരെന്ന് സ്ഥാപിക്കലാണ് വേണ്ടിയിരുന്നത്.
പെൺകുട്ടികൾ മരണത്തിന് വളരെ മുമ്പുതന്നെ ദീർഘകാലം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നെന്ന് സാക്ഷികളിൽ ചിലർക്ക് അറിയാമായിരുന്നു. എന്നിട്ടും പോക്സോ നിയമത്തിലെ സെക്ഷൻ 21 പ്രകാരമുള്ള വകുപ്പുകളുടെ സാധ്യത സി.ബി.ഐ പരിഗണിച്ചതേയില്ല. കുറ്റകൃത്യമറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് കുറ്റകൃത്യമാണ്. കസ്റ്റഡിയിലെ പ്രതികളുടെ കുറ്റസമ്മത മൊഴിയെ മാത്രമാണ് അന്വേഷണ ഏജൻസി ആശ്രയിച്ചിരിക്കുന്നത്. സി.ബി.ഐ അന്വേഷണത്തിൽ കുറ്റകരമായ അനാസ്ഥയും അവഗണനയുമുണ്ടായി. തീർത്തും തെറ്റായ രീതിയിലും അശ്രദ്ധമായുമാണ് അന്വേഷണം നടത്തിയത്.
ഈ സമീപനംമൂലം പൊതുജനങ്ങൾക്ക് ക്രിമിനൽ നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നശിക്കും.
തുടരന്വേഷണമെന്ന കോടതി വിധി അപ്രസക്തമാകും. ഇപ്പോൾ നൽകിയിരിക്കുന്ന തെളിവുകൾ വെച്ച് വിചാരണ നടത്തിയാൽ അത് നീതിയുടെ സമ്പൂർണ പരാജയമാകും. അതിനാലാണ് ഈ കുറ്റപത്രം മടക്കുന്നത്. സി.ബി.ഐതന്നെ കൂടുതൽ തുടരന്വേഷണം നടത്തി കഴിയും വേഗത്തിൽ കുറ്റപത്രം നൽകണം. കേസ് എങ്ങനെ അന്വേഷിക്കണമെന്നതു സംബന്ധിച്ച് ഒരു പ്രത്യേക നിർദേശവും വിചാരണക്കോടതി നൽകുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.