പാലക്കാട്: വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ മൂന്നാം പ്രതിയെ കോടതി വെറുതെവിട്ടു. ചേർത്തല സ്വദേശിയും കുട്ടികളുടെ അയൽവാസിയുമായ പ്രദീപ്കുമാറിനെയാണ് (36) പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ) കുറ്റവിമുക്തനാക്കിയത്. രണ്ട് കേസുകളിലും പ്രതിയിൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
2017 ജനുവരിയിലും മാർച്ചിലുമായിരുന്നു കേസിനാസ്പദമായ സംഭവം. 12ഉം എട്ടും വയസ്സായ സഹോദരിമാരെ 52 ദിവസത്തെ ഇടവേളയിൽ വാളയാർ അട്ടപ്പള്ളത്തെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിെൻറ ഉത്തരത്തിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികൾ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയും അന്വേഷിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ചുപേർ പിടിയിലായിരുന്നു.
ഒന്നാം പ്രതിയും കുട്ടികളുടെ ബന്ധുവുമായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി വലിയ മധു, രണ്ടാം പ്രതി ഇടുക്കി രാജക്കാട് വലിയ മുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. നാലാം പ്രതി കുട്ടിമധു ജാമ്യത്തിലിറങ്ങി. പ്രായപൂർത്തിയാകാത്ത അഞ്ചാം പ്രതിയുടെ കേസ് ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.