വയനാട് മെഡിക്കൽ​ കോളജിൽ ഞരമ്പു മാറി വെരിക്കോസ് ശസ്ത്രക്രിയ; യുവാവിന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

മാനന്തവാടി: വയനാട് മെഡിക്കൽ​ കോളജിൽ യുവാവിന്റെ വെരിക്കോസ് ബാധിച്ച ഞരമ്പിന് പകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയതായി പരാതി. ​പേര്യ 36 ടവർകുന്നിലെ ഊരാച്ചേരി ഹാഷിമാണ് (38) വലതുകാലിൽ വെരിക്കോസ് വെയിൻ ശസ്ത്രക്രിയ ചെയ്ത് നീക്കുന്നതിനിടയിൽ ഡോക്ടർമാരുടെ അശ്രദ്ധയിൽ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് ദുരിതംപേറുന്നത്. കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതോടെ പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ള യുവാവ് അയോഗ്യനുമായി. അഞ്ചംഗ കുടുംബത്തിന്റെ ജീവിതമാർഗം വഴിമുട്ടുകയും ചെയ്തു.

വലതുകാലിലുണ്ടായ വെരിക്കോസ് വെയിൻ രോഗത്തെതുടർന്ന് 2023 ഫെബ്രുവരി രണ്ടിനാണ് ഹാഷിം വയനാട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. അടുത്ത ദിവസം മൂന്ന് ഡോക്ടർമാർ ചേർന്ന് ശസ്ത്രക്രിയ നടത്തി. പിറ്റേന്ന് രാവിലെ സർജറി വിഭാഗത്തിലെ മറ്റൊരു ഡോക്ടർ പരിശോധിച്ചപ്പോൾ കാലിൽ രക്തയോട്ടം നിലച്ചത് ശ്രദ്ധയിൽപെട്ടു. തുടർന്ന് ഹാഷിമിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് വെരിക്കോസ് ബാധിച്ച ഞരമ്പിന് പകരം ഹൃദയത്തിൽനിന്ന് നേരിട്ട് കാലിലേക്ക് രക്തം പമ്പു ചെയ്യുന്ന പ്രധാന രക്തക്കുഴൽ മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്.

തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ഇടതുകാലിലെ ഞരമ്പെടുത്ത് വലത് കാലിൽ വെക്കുകയും ചെയ്തു. എന്നാൽ, സമയം വൈകിയതിനാൽ ചികിത്സ ഫലിച്ചില്ല. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റി. ഇവിടെവെച്ച് ഒമ്പത് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചികിത്സ ചെലവുകൾ നാട്ടുകാരും പിഴവ് വരുത്തിയ ഡോക്ടർമാരും വഹിക്കുകയുംചെയ്തു. പിന്നീട് ജൂൺ രണ്ടിന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും ഒരുമാസം ചികിത്സ തേടി.

കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതോടെ, കൊല്ലത്തെ ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിനുവേണ്ടി ഡ്രൈവർ-കം ഓഫിസ് അറ്റൻഡർ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിൽ അഞ്ചാം റാങ്കുകാരനായ ഹാഷിമിന് ജോലി ലഭിക്കാൻ സാധ്യതയില്ലാതായി. നഷ്ടപരിഹാരവും ജോലിയും നൽകണമെന്നാവശ്യപ്പെട്ട് ഹാഷിം മുഖ്യമന്ത്രി, ഗവർണർ ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.


Tags:    
News Summary - Varicose vein surgery at Wayanad Medical College; Young man lost the mobility of his leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.