ഇടത് സർക്കാർ നടത്തുന്നത് പകൽക്കൊള്ള; പ്രത്യക്ഷ സമരം നടത്തുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനപ്രതിസന്ധി മറച്ചുവെക്കുകയും അതേ പ്രതിസന്ധിയുടെ പേരിൽ ഇടത് സർക്കാർ പകൽക്കൊള്ള നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അശാസത്രീയ നികുതി വർധനവാണ് നടപ്പാക്കിയത്. പെട്രോൾ, ഡീസൽ വില കുതിച്ചുയരുമ്പോൾ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണ്. സർക്കാറിന്‍റെ നികുതിക്കൊള്ളക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് വി.ഡി സതീശൻ പ്രഖ്യാപിച്ചു.

മദ്യത്തിന് വീണ്ടും സെസ് ഏർപ്പെടുത്തുകയാണ്. 247 ശതമാനമാണ് നിലവിലെ നികുതി. മദ്യവില വർധിപ്പിക്കുന്നതിന്‍റെ അനന്തരഫലം കൂടുതൽ പേർ മയക്കുമരുന്നിലേക്ക് മാറാൻ ഇടയാക്കും. 19 സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷം ഏറ്റവും കുറവ് നികുതി പിരിവ് നടന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി നികുതി വരുമാനത്തിന്‍റെ വർധനവ് 6നും 10നും ഇടയിൽ വർധിച്ചപ്പോൾ കേരളത്തിൽ ഇത് 2 ശതമാനം മാത്രമാണെന്നും സതീശൻ വ്യക്തമാക്കി.

പുതിയ ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾക്ക് യാതൊരു പ്രസക്തിയില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ അതേപോലെ നിൽക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിൽ ഒരു രൂപ പോലും ചെവഴിക്കാത്ത പ്രഖ്യാപനം ഇത്തവണ വീണ്ടും ആവർത്തിച്ചു.

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 7500 കോടിയുടെ വയനാട്, 12,000 കോടിയുടെ ഇടുക്കി, 2500 കോടിയുടെ കുട്ടനാട്, 5000 കോടിയുടെ തീരദേശ വികസന പാക്കേജുകൾ എവിടെ പോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പുതിയ ബജറ്റിൽ ഇടുക്കി പാക്കേജ് 75 കോടിയും വയനാട് പാക്കേജിന് 25 കോടിയും തീരദേശ പാക്കേജ് 125 കോടിയായി കുറഞ്ഞു. പ്രഖ്യാപിച്ച പാക്കേജുകൾ ഒരു കാലത്തും സർക്കാർ നടപ്പാക്കിയിട്ടില്ല. ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് യാതൊരു വിശ്വാസ്യതയും ഇല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ധനപ്രതിസന്ധി മറച്ചുവെച്ച സർക്കാർ നികുതി വർധിപ്പിക്കുകയാണ് ചെയ്തത്. യാതൊരു പഠനം നടത്താതെ ജനങ്ങൾക്ക് മേൽ നികുതി അടിച്ചേൽപ്പിക്കുന്നു. വലിയ ആഘോഷമായിട്ടാണ് ധനമന്ത്രി കണക്കുകൾ പറയുന്നത്. എന്നാൽ, യഥാർഥ കണക്കുകൾ മറച്ചുവെക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan criticize Kerala Budget 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.