തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജിയുടെ സ്പെഷ്യൽ ഒാഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.
പൂഴ്ത്തിയ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരമാണ് പുറത്തു വന്നത്. കിഫ്ബിയിലെ അഴിമതിയും നികുതി ചോർച്ചയും പിൻവാതിൽ നിയമനവും സംബന്ധിച്ച കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആരോപണങ്ങളിൽ സർക്കാർ അന്വേഷണത്തിന് തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മോട്ടോർ നികുതി വഴിയും പെട്രോളിയം ഉൽപന്നങ്ങൾക്ക് ഒരു രൂപ സെസ് ഏർപ്പെടുത്തിയത് വഴിയും ലഭിച്ചതാണ് കിഫ്ബിയിലെ പണം. 5000ലധികം കോടി രൂപയാണ് സർക്കാർ കിഫ്ബിക്ക് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ള 5000 കോടി മസാല ബോണ്ട് അടക്കമുള്ളവ വഴി 9.72 ശതമാനം പലിശക്ക് എടുത്തതാണ്.
കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ ഭയാനകമായ സ്ഥിതിയിലാണെന്ന് നിയമസഭയിൽവെച്ച സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കൂടാതെയാണ് ബജറ്റിന് പുറത്ത് കോടികണക്കിന് രൂപ വായ്പ എടുത്ത് നടത്തുന്ന സ്ഥാപനത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള സ്പെഷ്യൽ റിപ്പോർട്ട്. കിഫ്ബിയെ സുതാര്യമായി കൊണ്ടു പോയില്ലെങ്കിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.