സി.പി.എമ്മിനെ കള്ളവോട്ടിന് അനുവദിക്കില്ലെന്ന് വി.ഡി. സതീശൻ; 'തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കള്ളവോട്ടിന് അന്ത്യം കുറിക്കണം'

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പി.ടി. തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളവോട്ട് നടത്താൻ സി.പി.എമ്മിനെ അനുവദിക്കില്ല. കേരളത്തിൽ വ്യാപകമായി നടക്കുന്ന കള്ളവോട്ടുകൾക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കണം. അതിനായി വ്യാപക മുന്നൊരുക്കമാണ് യു.ഡി.എഫ് നടത്തുന്നതെന്നും സതീശൻ പറഞ്ഞു.

കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സി.പി.എമ്മാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കള്ളവോട്ട് യു.ഡി.എഫിന്‍റെ രീതിയാണെന്ന ഇ.പി. ജയരാജന്‍റെ പ്രസ്താവനക്കെതിരെ വിശദീകരണമൊന്നും ആവശ്യമില്ല. ഞങ്ങളുടെ 3000ലേറെ വോട്ടുകൾ ചേർക്കപ്പെടാതെ പോയിട്ടുണ്ട്. അതിനെതിരെ നിയമനടപടി സ്വീകരിക്കും.

യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും വർധിത വീര്യത്തോടെയാണ് തൃക്കാക്കരയിൽ പ്രവർത്തിച്ചത്. കോൺഗ്രസ് സ്ഥാനാർഥിക്ക് വലിയ സ്വീകാര്യത ലഭിച്ചു. വർഗീയതയെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് പിണറായിയും സി.പി.എമ്മും നടത്തിയത്. തൃക്കാക്കരയിൽ വോട്ടുറപ്പിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുമായി മുൻ മന്ത്രിമാരടക്കമുള്ള എൽ.ഡി.എഫ് സംഘം ചർച്ച നടത്തി. ആലപ്പുഴയിലെ കൊലവിളി പ്രകടനത്തിന് അനുമതി നൽകിയതും ഈ ചർച്ചയെ തുടർന്നാണ്.

കോടിയേരി പറയുന്ന പോലെ ഒരു അടിയൊഴുക്കും ഉണ്ടാകില്ല. ആർക്കും സ്വപ്നം കാണാം, പക്ഷേ അതുപോലെ കാര്യങ്ങൾ നടക്കില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - VD Satheesan press meet thrikkakara by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.