ബഫർ സോണിൽ ജനവാസമേഖലയെ ഉൾപ്പെടുത്തിയത് എൽ.ഡി.എഫ് സർക്കാർ -വി.ഡി സതീശൻ

കൊച്ചി: ബഫർ സോൺ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഫർ സോണിൽ ജനവാസമേഖലയെ ഉൾപ്പെടുത്തിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് സതീശൻ പറഞ്ഞു.

ജനവാസ മേഖലയെ ഒഴിവാക്കി ബഫർസോൺ നിശ്ചയിക്കണമെന്നാണ് ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചിരുന്നത്. 31/10/2019ൽ എൽ.ഡി.എഫ് സർക്കാർ ഇറക്കിയ ഉത്തരവാണ് ഏറ്റവും അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കിയത്. ജനവാസ മേഖലയെ ഉൾപ്പെടുത്തി ബഫർസോൺ നിശ്ചയിക്കണമെന്നാണ് പിണറായി സർക്കാരാണ് ശിപാർശ ചെയ്തത്.

2019ൽ പിണറായി സർക്കാർ ഇറക്കിയ ഉത്തരവ്:

''08/05/2013ൽ മന്ത്രിസഭാ യോഗം (ഉമ്മൻചാണ്ടി സർക്കാർ) പരിഗണിക്കുകയും സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കി കൊണ്ട് ശിപാർശ അയക്കാൻ തീരുമാനിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തിൽ ഇക്കോ സെൻസിറ്റീവ് സോണുകൾ സംബന്ധിച്ച കരട് നിർദേശങ്ങൾ 13/05/2015ൽ കേന്ദ്ര വനം മന്ത്രാലയത്തിലേക്ക് സമർപ്പിച്ചു.

2015ൽ (ഉമ്മൻചാണ്ടി സർക്കാർ) സമർപ്പിച്ച നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ സംരക്ഷിത പ്രദേശങ്ങൾക്കായി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. തുടർന്ന് 2016ൽ ന്യൂഡൽഹിയിൽ നടന്ന വിദഗ്ധ സമിതിയോഗത്തിൽ കേരള സർക്കാർ സമർപ്പിച്ച കരട് നിർദേശങ്ങൾ പരിഗണിച്ചു. എന്നാൽ, വിദഗ്ധ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങൾ സമയബന്ധിതമായി നൽകാത്തതിനെ തുടർന്ന് കരട് വിജ്ഞാപനങ്ങൾ 2018ഒാടെ കാലഹരണപ്പെട്ടു. ആയതിനാൽ 10 കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ ആയി നിലനിർത്തണമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിർദേശം കേരളത്തിനും ബാധകമാണ്''.

2016ൽ അധികാരത്തിലേറിയ പിണറായി സർക്കാരാണ് വിദഗ്ധ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങൾ സമയബന്ധിതമായി നൽകാതിരുന്നതെന്ന് 2019ലെ ഉത്തരവിലൂടെ വ്യക്തമാണ്. ''കേരളത്തിൽ ജീവൻ നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത പ്രദേശങ്ങളോട് ചേർന്നു കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോൺ ആയി തത്വത്തിൽ നിശ്ചയിച്ചിട്ടുണ്ടെന്ന്'' ഈ ഉത്തരവിന്‍റെ അവസാന ഭാഗത്ത് പിണറായി സർക്കാർ പറയുന്നുണ്ട്.

''മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ'' എന്ന് ഉത്തരവിൽ സർക്കാർ ചേർത്തതാണ് ഇപ്പോൾ പ്രതികൂലമായത്. ഈ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ജൂൺ മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവ് വിവാദമായതോടെയാണ് ബഫർസോൺ വേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ബഫർ സോൺ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് സർക്കാരിന്‍റെ മറുപടി ലഭിച്ചില്ല. സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. 

10 കിലോമീറ്റർ ബഫർസോൺ എന്നത് ആദ്യമായി കൊണ്ടുവന്നത് 2002ലെ വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിഷൻ ഡോക്യുമെന്‍റായിരുന്നു ഇത്. എന്നാൽ, കേന്ദ്ര നിർദേശം നടപ്പാക്കാൻ സംസ്ഥാനങ്ങൾ തയാറായില്ല. 2010ലെ നോയിഡ കേസിൽ സുപ്രീംകോടതിയാണ് 2002 വിഷൻ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തിൽ 10 കിലോമീറ്റർ ബഫർ സോൺ നടപ്പാക്കുന്നതിനെ കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇക്കാര്യത്തിൽ മുൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് കുറ്റക്കാരനല്ല. ജയറാം രമേശിനെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടുത്താൻ ശ്രമിച്ചത് 2002ലെ ബി.ജെ.പി സർക്കാരിനെയാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan react to Buffer Zone Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.