തിരുവനന്തപുരം: പി.കെ. ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.കെ.ജി. സെന്‍റർ ആക്രമണത്തെ കുറിച്ചുള്ള പി.കെ. ശ്രീമതിയുടെ പരാമർശത്തെയാണ് വിമർശിച്ചത്. പ്രസ്താവനയിൽ സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ പിൻവലിക്കാനും മാപ്പ് പറയാനും മടിയില്ലെന്നും സതീശൻ വ്യക്തമാക്കി.
അത് ഞങ്ങളെടുത്ത തീരുമാനമാണ്. ഞങ്ങൾ ആരെങ്കിലും സംസാരിക്കുമ്പോൾ സ്ത്രീവിരുദ്ധമായ പരാമർശം നടത്തുകയോ വ്യക്തിപരമായി ആക്ഷേപിക്കുകയോ ചെയ്താൽ നിരുപാധികം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുമെന്നാണ് തീരുമാനം. അതിലൊന്നും മാറ്റമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മല്ലപ്പള്ളിയില്‍ 'ആസാദ് കി ഗൗരവ് യാത്ര' ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പി.കെ. ശ്രീമതിക്കെതിരായ പരാമർശമുണ്ടായത്. എ.കെ.ജി ആക്രമണവുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാണ് വിവാദ പരാമർശം സതീശൻ നടത്തിയത്.
'എ.കെ.ജി സെന്‍ററിന് ഓലപ്പടക്കം എറിഞ്ഞു. എന്നിട്ട് ചിറ്റപ്പൻ വന്ന് എന്താണ് പറഞ്ഞത്? ഓലപ്പടക്കം വീഴുന്നതിനും അര മണിക്കൂർ മുമ്പേ ചിറ്റപ്പൻ വിവരം അറിഞ്ഞു. രണ്ട് സ്റ്റീൽ ബോംബാണ് വീണത്. കോൺഗ്രസുകാരാണ് എറിഞ്ഞത്. അപ്പോൾ മുകളിലിരുന്ന് ഒരു കിടുങ്ങാക്ഷിയമ്മ കസേരയിലിരുന്ന് കിടുങ്ങി. വായിച്ചു കൊണ്ടിരുന്നപ്പോൾ വീഴാൻ പോയെന്നാണ് അവർ പറഞ്ഞത്.
ഇടിമുഴക്കത്തേക്കാൾ വലിയ ശബ്ദം കേട്ടെന്നും പറഞ്ഞു. ഇതെല്ലാം കേട്ട് കേരളത്തിലെ മാർക്സിസ്റ്റുകാർ കോൺഗ്രസ് ഓഫിസുകൾ തല്ലിത്തകർത്തു. അവർ രണ്ടു പേർക്കുമെതിരെ കലാപത്തിന് കേസെടുക്കേണ്ടതായിരുന്നു. എന്നിട്ടിപ്പോൾ മാർക്സിസ്റ്റുകാർക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. എല്ലാവരും ചോദിക്കുന്നത് 'കിട്ടിയോ' എന്നാണ്. അതുകൊണ്ട് അവർ വീട്ടിലൊളിക്കുകയാണ്.
ശത്രുക്കൾക്ക് പോലും ബംഗാളിലെ സി.പി.എമ്മിന്റെ ഗതി വരുത്തരുതേയെന്നാണ് എന്റെ പ്രാർഥന. ഇവിടെ ഡെപ്യൂട്ടി കലക്ടറെ വിരട്ടിയും ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റിയും ഏരിയ സെക്രട്ടറിമാർ വിലസുകയാണ്. അതേസമയം, 33 വർഷം അവർ ഭരിച്ച ബംഗാളിലെ ഏരിയ സെക്രട്ടറി പറവൂരിൽ റോഡ് പണിക്കുണ്ട്. അവിടുത്തെ ജില്ല സെക്രട്ടറി തൃശൂരിൽ പൊറോട്ടയടിയിലാണ്. ജനങ്ങളുടെ സൗമനസ്യം കൊണ്ടു കിട്ടിയ തുടർഭരണം വിനയത്തോടെ സ്വീകരിക്കുന്നതിനു പകരം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഇന്നത്തെ മാതൃക തുടർന്നാൽ പൊറോട്ടയുടെ കാര്യം നാട്ടുകാർ ഓർമിപ്പിക്കണം.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.