കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് വി.ഡി സതീശൻ

കണ്ണൂർ: ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസിൽ വിചാരണ നേരിടുന്ന കെ.ബി. ഗണേഷ് കുമാറിനെ ഒരു കാരണവശാലും എൽ.ഡി.എഫ് മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ ഗണേഷ് കുമാർ നേരിടണം എന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഗണേഷ് കുമാറിനെ ഒരു കാരണവശാലും മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത് എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. ഒരാഴ്ചത്തെ കേരളീയം ധൂർത്തിന് 27 കോടി രൂപയാണ് സർക്കാർ മാറ്റി വച്ചിരിക്കുന്നത്. ഏഴ് മാസം കൊണ്ട് ലൈഫ് മിഷൻ പദ്ധതിക്ക് സർക്കാർ കൊടുത്തിരിക്കുന്നത് 18 കോടി മാത്രമാണ്. പദ്ധതി വിഹിതത്തിന്റെ 2.5 ശതമാനം മാത്രമാണ് ഇത്. 717 കോടി രൂപ ലൈഫ് മിഷന് നീക്കി വച്ചിട്ട് ഏഴ് മാസം കൊണ്ട് 18 കോടി രൂപ മാത്രം കൊടുത്ത സർക്കാരാണ് ഏഴ് ദിവസത്തെ കേരളീയത്തിന് 27 കോടി രൂപ ഉത്തരവിലൂടെ നൽകുന്നത്. കേരളീയം അവസാനിക്കുമ്പോൾ അത് 70 കോടി രൂപ എങ്കിലും ആകും. ധൂർത്താണ് എൽ.ഡി എഫ് സർക്കാരിന്റെ മുഖമുദ്ര .

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം കൊടുത്തിട്ടില്ല. പെൻഷൻകാർക്ക് രണ്ട് മാസമായി പെൻഷൻ തുക കിട്ടിയിട്ടില്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുന്നു. കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്ത് ജനങ്ങളുടെ ആരോഗ്യം മോശമാക്കുന്നു. ഒരു ചോദ്യത്തിനും സർക്കാരിന് മറുപടിയില്ല.

സപ്ലെകോയിൽ സാധനങ്ങളില്ല. അഴിമതിയുടെ പാപഭാരം സാധാരണക്കാരന് മേൽ കെട്ടിവെക്കുന്നു. സ്കൂൾ ഉച്ച ഭക്ഷണത്തിന് പണം കൊടുക്കാൻ ഇല്ലാത്ത സർക്കാരാണ് ഈ ധൂർത്ത് നടത്തുന്നത്. സർക്കാരിന്റെ പ്രചരണം വേണമെങ്കിൽ പാർട്ടി ചിലവിൽ നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - VD Satheesan said that KB Ganesh Kumar should not be included in the cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.