കൊച്ചി: കേബിള്‍ നിലാവാരം കുറഞ്ഞതാണെന്ന് പറഞ്ഞത് പ്രതിപക്ഷമല്ല, കെ ഫോണിലെ പാട്ണറായ കെ.എസ്.ഇ.ബിയാണെന്ന് വി.ഡി സതീശൻ. ഇന്ത്യന്‍ നിർമിത കേബിള്‍ ഉപയോഗിക്കണമെന്നും കെ.എസ്.ഇ.ബിയാണ് നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ് ഇന്ത്യന്‍ നിർമിത കേബിളുകള്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ തന്നെ കരാറില്‍ ഉള്‍പ്പെടുത്തിയത്. അത് ലംഘിച്ചാണ് നിലാവാരം കുറഞ്ഞ കേബിള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്. അതിനെ തള്ളിക്കൊണ്ടാണ് കെ.എസ്.ഐ.റ്റി.എല്‍ ചൈനീസ് കേബിള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
ചൈനീസ് കേബിള്‍ വരുത്തുക മാത്രമല്ല ചെയ്തത്, അതില്‍ എല്‍.എസ് കേബിള്‍സിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് കൊടുക്കുകയും ചെയ്തു. ഓഡിറ്റിങ് നടത്തുന്ന സി.എ.ജിയോടാണ് കേബിളിന് ഗുണനിലവാരമില്ലെന്ന് കെ.എസ്.ഇ.ബി പറഞ്ഞിരിക്കുന്നത്. വന്‍ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൈനീസ് കേബിളാണ് കെ ഫോണിന് വരുത്തിയതെന്നും ചൈനീസ് എന്ന് കേള്‍ക്കുമ്പോള്‍ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ കെ ഫോണിന് ചൈനീസ് കേബിളാണ് വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമ്മതിച്ചു.
പക്ഷെ കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ ഫോണ്‍ എം.ഡി പറഞ്ഞത്, ഗുഡ്ഗാവില്‍ നിർമിക്കുന്ന എല്‍.എസ്. കേബിള്‍സിന്റെയും ചെന്നൈയില്‍ നിര്‍മിക്കുന്ന സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയും കേബിളുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ്. പക്ഷെ മുഖ്യമന്ത്രിയുടെ ഒഫീസ് സമ്മതിക്കുന്നത് ചൈനീസ് കേബിളെന്നാണ്. അപ്പോള്‍ എം.ഡിക്കെതിരെ നടപടി എടുക്കുമോയെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.