തിരുവനന്തപുരം: ഉത്ര വധക്കേസിലെ പ്രതിയുടെ ശിക്ഷാവിധി കുടുംബം സ്വാഗതം ചെയ്തിട്ടില്ലെന്നും ഉത്രയുടെ അമ്മയുടെ നിയമപോരാട്ടത്തെ പിന്തുണക്കേണ്ടത് സമൂഹമെന്ന നിലയില്‍ നമ്മുടെ കടമയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായും നിയമവിദ്യാര്‍ഥി എന്ന നിലയിലും വധശിക്ഷയോട് യോജിക്കുന്നില്ല. എന്നാൽ, ഉത്രയുടെ അമ്മയുടെ കൂടെയാണ് മനസ്. ആ പൊള്ളുന്ന നോവിന് മുന്നില്‍ ഒരു വ്യത്യസ്ത നിലപാടുകള്‍ക്കും പ്രസക്തിയില്ലാതെയാകുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
മനുഷ്യരായവരെയാകെ രോഷം കൊള്ളിച്ച, സങ്കടപ്പെടുത്തിയ, ഭയപ്പെടുത്തിയ കൊലപാതകമായിരുന്നു ഉത്രയുടേത്. വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരന് എത്ര ക്രൂരനാകാം എന്നു തുടങ്ങി വിവാഹങ്ങള്‍ എത്ര വലിയ അപകടക്കെണിയാകാം എന്നു വരെ ഈ സംഭവം കാട്ടിത്തന്നു.
ഈ കേസ് തെളിയിച്ച പൊലീസിലെ ഓരോ ഉദ്യോഗസ്ഥനെയും അഭിനന്ദിക്കുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ വിദഗ്ധര്‍ എന്നിവരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഓരൊരുത്തരും കടമകള്‍ സത്യസന്ധമായി നിര്‍വഹിച്ചെന്നു മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് ഒപ്പം നിയമത്തിന്‍റെ കവചമുണ്ടെന്ന് തെളിയിക്കുക കൂടിയായിരുന്നു.
പരാജയമായ വിവാഹങ്ങളില്‍, പങ്കാളിയുടെ ക്രൂരതകളില്‍, ഭര്‍തൃവീട്ടുകാരുടെ പണക്കൊതിയില്‍ എരിഞ്ഞടങ്ങുന്ന എത്ര പെണ്‍കുട്ടികളാണ് നമുക്ക് ചുറ്റും. സ്വന്തം കുടുബത്തിന്‍റെ പ്രാരാബ്ധങ്ങളും വിഷമങ്ങളും കാണുന്ന പെണ്‍കുട്ടികള്‍ എത്ര വിദ്യാസമ്പന്നരായാലും ജോലിയുള്ളവരായാലും മിക്കപ്പോഴും സ്വന്തം വിഷമം ഉള്ളിലൊതുക്കും. ജീവിതം തീര്‍ത്തും വഴിമുട്ടുമ്പോഴും എനിക്ക് നീതി വേണ്ടെന്നു പറയുന്ന, സ്വയം ഹോമിക്കുന്ന, മക്കളെ കരുതി നിശ്ശബ്ദം കണ്ണീരിലാഴുന്ന എത്ര സഹോദരിമാരാണ് നമുക്ക് ചുറ്റും.
അടിച്ചും തൊഴിച്ചും പെട്രോളൊഴിച്ച് കത്തിച്ചും കഴുത്തറുത്ത് കൊന്നും ലൈംഗികമായി ആക്രമിച്ചും അപമാനിച്ചും അവഹേളിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വലിച്ചു കീറിയും നമ്മള്‍ മനുഷ്യത്വമില്ലായ്മയുടെ ക്രൂരതയുടെ പഴഞ്ചന്‍ കാഴ്ചപ്പാടുകളുടെ പുതിയ പാഠങ്ങള്‍ രചിച്ചു കൊണ്ടേയിരിക്കുകയാണല്ലോ. നീതി നിഷേധിക്കപ്പെടുന്ന, സുരക്ഷിതത്വം നഷ്ടപ്പെടുന്ന, സമത്വം ഇല്ലാതെ പോകുന്ന, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഓരോ മകള്‍ക്കും നീതി കിട്ടാനുള്ള പോരാട്ടത്തില്‍ ഈ കേസും നിയമവഴികളും ഉത്രയുടെ ഓര്‍മകളും ഒപ്പമുണ്ടാകട്ടെ -വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.