മെഡിക്കല്‍ കോളജുകളില്‍ പുതിയ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കിയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. 262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.

തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ എട്ട്, കോട്ടയം നാല്, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ ഏഴ്, മഞ്ചേരി 15, കോഴിക്കോട് ഒമ്പത്, കണ്ണൂര്‍ 31, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെ മെഡിക്കല്‍ കോളജുകളിലും അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിങ് സെന്ററിൽ മൂന്ന് അധ്യാപക തസ്തികകളും കോന്നി ഒന്ന്, ഇടുക്കി ഒന്ന്, അറ്റെല്‍ക് ആറ് എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. എല്ലാ മെഡിക്കല്‍ കോളജുകളിലേയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, കോന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി 42 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായുള്ള തസ്തികകള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍, മെഡിക്കല്‍ ജനറ്റിക്‌സ്, ജറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഈ വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള തസ്തികകള്‍ സൃഷ്ടിച്ചത്. കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജിലും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കാനായി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. മ

ന്ത്രി വീണ ജോര്‍ജ് നിരവധി തവണ മെഡിക്കല്‍ കോളജിലെത്തിയും അല്ലാതെയും ചര്‍ച്ചകള്‍ നടത്തി ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി. ഇതുകൂടാതെയാണ് തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ചത്.

കൊല്ലം മെഡിക്കല്‍ കോളജില്‍ ആദ്യമായി എമര്‍ജന്‍സി മെഡിസിന്‍, പിഎംആര്‍, കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, കോന്നി മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍, പി.എം.ആര്‍, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, നിയോനറ്റോളജി, കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്റര്‍വെന്‍ഷണല്‍ റോഡിയേളജി, നിയോനറ്റോളജി, റുമറ്റോളജി, എറണാകുളം മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍, പിഎംആര്‍, കാര്‍ഡിയോ തൊറാസിക്, ന്യൂറോ സര്‍ജറി, നിയോനെറ്റോളജി, പീഡിയാട്രിക് സര്‍ജറി, യൂറോളജി, ഇടുക്കി മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍, പി.എം.ആര്‍, കാര്‍ഡിയോളജി, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍, മഞ്ചേരി മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി മെഡിസിന്‍, പിഎംആര്‍, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക്, നെഫ്രോളജി, ന്യൂറോളജി, യൂറോളജി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റുമറ്റോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, എന്‍ഡോക്രൈനോളജി, കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളിലാണ് അതത് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി തസ്തികകള്‍ സൃഷ്ടിക്കുന്നത്.

കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ആദ്യമായി പ്രിന്‍സിപ്പലിനെ നിയമിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിങ് സെന്ററിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി ആദ്യമായി പ്രിന്‍സിപ്പല്‍ ഒന്ന് പ്രഫസര്‍ ഒന്ന്, അസി. പ്രഫസര്‍ ഒന്ന് എന്നിവയും അക്കൗണ്ട് ഓഫീസര്‍, സീനിയര്‍ ക്ലര്‍ക്ക്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, ഇലക്ട്രീഷ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Veena George has given permission to create 270 new posts in medical colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.