തിരുവനന്തപുരം: മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച്. ആണ് 96 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയത്.
സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മികച്ച സൗകര്യങ്ങളൊരുക്കിയ 45 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കാണ് ഇതുവരെ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്. പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം വര്‍ധിപ്പിച്ചതിനാല്‍ 10 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ അംഗീകാരം ഇതിനോടകം ലഭിച്ചു.
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്കുതല ആശുപത്രികളിലും ശിശു സൗഹൃദ നയം നടപ്പിലാക്കി ഗുണനിലവാരമുള്ള ചികിത്സ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കും. കൂടുതല്‍ ആശുപത്രികള്‍ക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എസ്.എന്‍.സി.യു.കള്‍, എന്‍.ബി.എസ്.യു.കള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന് പുറമേ എറണാകുളം തമ്മനം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 89.3 ശതമാനം സ്‌കോര്‍ നേടി എന്‍.ക്യു.എ.എസ് പുനഃഅംഗീകാരവും വയനാട് മാനന്തവാടി ജില്ല ആശുപത്രി 92 ശതമാനം സ്‌കോർ നേടി ലക്ഷ്യ പുനഃഅംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 74 ആശുപത്രികള്‍ പുനഃഅംഗീകാരവും നേടി. അഞ്ച് ജില്ല ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 115 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.