തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടുന്ന അന്തർസംസ്ഥാന കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. നികുതി വെട്ടിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുകയും ഓൾ ഇന്ത്യ പെർമിറ്റെടുത്ത് കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സർവിസ് നടത്തുകയും ചെയ്യുന്നതാണ് ഇത്തരം ബസുകളുടെ രീതി. കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആൻഡ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗാലാന്‍ഡ്, ഒഡിഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കി കേരളത്തിൽ ഓടുന്നത് വ്യാപകമാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകയിലെയും ഉയർന്ന നികുതിയിൽനിന്നും രക്ഷനേടുക എന്നതാണ് ഇത്തരം രജിസ്ട്രേഷനുകളുടെ ലക്ഷ്യം.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ ഇത്തരം ബസുകൾക്ക് തങ്ങളുടെ സംസ്ഥാനത്ത് നികുതി ഏർപ്പെടുത്തുകയും ഇവ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതേ മാതൃകയിൽ കേരളവും നികുതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പല ബസുകളും ഇവ അടക്കാൻ തയാറാകുന്നില്ല. ഇത്തരം ബസുകൾക്കെതിരെ നവംബർ ഒന്നു മുതൽ നടപടി കർശനമാക്കാനാണ് ഗതാഗത കമീഷണറേറ്റിന്റെ തീരുമാനം. ഇത്തരം വാഹനങ്ങൾ കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റണം. അല്ലാത്ത പക്ഷം മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കാനാണ് നിർദേശം.
രജിസ്ട്രേഷൻ മാറ്റുകയോ കേരളത്തിലെ നികുതി അടക്കുകയോ ചെയ്യാത്ത വാഹനങ്ങൾ നവംബർ ഒന്നു മുതൽ കേരളത്തിൽ സർവിസ് നടത്താൻ അനുവദിക്കില്ല.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കേന്ദ്രീകൃത പെര്‍മിറ്റ് സംവിധാനത്തിന്റ ഭാഗവുമായാണ് കേന്ദ്രസര്‍ക്കാര്‍ 'ഓള് ഇന്ത്യ പെര്‍മിറ്റ്' സംവിധാനം ഏര്‍പ്പെടുത്തിയത്. വാഹന ഉടമകളില്‍നിന്നും പണം വാങ്ങി കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം പെര്‍മിറ്റ് വിതരണം ചെയ്യും. ഈ തുക പിന്നീട് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കും. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതി വ്യവസ്ഥകള്‍ കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു പുതിയ സംവിധാനമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണമെങ്കിലും എന്നാല്‍, ഈ സംവിധാനം സംസ്ഥാനത്തിന് നഷ്ടമാണെന്ന നിഗമനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന അന്തർസംസ്ഥാന സ്ലീപ്പർ ബസിന് നികുതിയായി മൂന്നുമാസത്തേക്ക് 1.25 ലക്ഷം രൂപയോളം നൽകണം.
അരുണാചൽപ്രദേശിലോ നാഗാലാൻഡിലോ രജിസ്റ്റർ ചെയ്യുന്നവക്ക് ഒരു വർഷത്തേക്ക് ഇതിന്റെ നാലിലൊന്ന് തുക പോലും വേണ്ടെന്നതാണ് ഇത്തരം രജിസ്ട്രേഷനുകൾ വർധിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.