തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.െഎ പ്രവർത്തകരുടെ കൊലക്ക് കാരണമായ സംഭവത്തിൽ ഇരുകൂട്ടരെയും തമ്മിലടിപ്പിച്ച വ്യക്തിയെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചതായി വിവരം. സി.പി.എം നേതാവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇയാളെന്നാണ് അറിയുന്നത്. ഇയാളെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണവും പുരോഗമിക്കുകയാണ്. എന്തിനാണ് കൊല്ലപ്പെട്ടവരെയും പ്രതികളെയും തമ്മിലടിപ്പിക്കാൻ ഇയാൾ ശ്രമിച്ചതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.
അതിനിടെ, കണ്ടെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിലൊന്ന് കോടതിയിൽ ഹാജരാക്കാതെ പൊലീസ് ഒത്തുകളിക്കുന്നതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.ഇൗ സി.സി.ടി.വി ദൃശ്യത്തിൽ നിർണായകമായ വിവരങ്ങളുണ്ടെന്നും പൊലീസിന് ലഭിച്ച ഇൗ ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നതായും ചൂണ്ടിക്കാട്ടി ഡി.സി.സി വൈസ് പ്രസിഡൻറ് എം. മുനീർ ഡി.ജി.പിക്ക് പരാതി നൽകി.
തേമ്പാമൂട് ജങ്ഷനിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കൊല്ലപ്പെട്ട സംഘം എത്തിയ കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട് ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കാനും പൊലീസ് തയാറായിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നതായും ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിലെ ആവശ്യം.
കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും സംഘങ്ങളെ ഒരിടത്ത് എത്തിച്ച് കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് തന്നെയാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. എന്നാൽ, ഇതിനുപിന്നിലെ ലക്ഷ്യവും ആ ഗൂഢാലോചനയിൽ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലും സംശയിക്കപ്പെടുന്നുണ്ട്. പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാകുന്നേതാടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.