കൊല്ലപ്പെട്ട റിയാസ് മൗലവി

റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിൽ വിധി ഇന്ന്

കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കഴുത്തറുത്ത് കൊന്ന കേസിൽ ഇന്ന് വിധി പറയും. കൊലപാതകം നടന്ന് ഏഴുവർഷ​ത്തെ കാത്തിരിപ്പിനൊടുവിൽ മൗലവി കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനത്തിലാണ് വിധി പറയുന്നത്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പറയുന്നത്.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറിയാണ് ആർ.എസ്.എസ് സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിൽ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഏഴ് വര്‍ഷമായി ജയിലില്‍ തന്നെയാണ്.

റിയാസ് മൗലവി വധക്കേസ് പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർ

ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.

ഫെബ്രുവരി 29നും മാർച്ച് ഏഴിനും വിധി പ്രസ്താവിക്കാനിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പറയുക.

Tags:    
News Summary - Verdict today in riyas moulavi murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.