തിരുവനന്തപുരം: ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ മെഡിക്കൽ േകാളജ് കോഴക്കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് വിജിലന്‍സ്. കോഴ ഇടപാടിൽ ആരോപണം തെളിയിക്കുന്ന തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പരാതിക്കാരനും സി.പി.എം പ്രവർത്തകനുമായ എ.ജെ. സുക്കാർണോ ഒഴിച്ച് ആരും അനുകൂല മൊഴി നൽകിയിരുന്നില്ല. 5.6 കോടിയുടെ കോഴ ഇടപാട് നടന്നുവെന്ന് കണ്ടെത്തിയ ബി.ജെ.പി അന്വേഷണകമീഷൻ അംഗങ്ങളായിരുന്ന കെ.പി. ശ്രീശൻ, എ.കെ. നസീർ, കോളജ് ഉടമ കെ. ഷാജി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ വിജിലൻസിന് മുമ്പാകെ മൊഴി നൽകവെ മലക്കം മറിഞ്ഞിരുന്നു.
ഇടനിലക്കാരായിരുന്ന ബി.ജെ.പി സഹകരണസെൽ മുൻ കൺവീനർ ആർ.എസ്. വിനോദ്, സതീഷ് നായർ, കോളജ് ഉടമ ഷാജി എന്നിവർ 25 ലക്ഷം കൺസൾട്ടൻസി ഫീസായി കൈമാറിയെന്നുള്ള മൊഴിയാണ് നൽകിയത്. ഇതാണ് അന്വേഷണം വഴിമുട്ടിച്ചത്. വര്‍ക്കല എസ്.ആര് മെഡിക്കൽ കോളജിന് അനുമതി ലഭ്യമാക്കാൻ ബി.ജെ.പി നേതാക്കള്‍ ഇടനിലക്കാരായി 5.60 കോടിയുടെ കോഴ ഇടപാട് നടന്നെന്നായിരുന്നു പാര്‍ട്ടി അന്വേഷണ കമീഷൻ കണ്ടെത്തൽ. ആർ.എസ്. വിനോദിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെയാണ് സംഭവം വിവാദമായതും വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതും. വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത ബി.ജെ.പി അന്വേഷണം ആരംഭിച്ചപ്പോൾ നേതാക്കളിൽ പലരും ഹാജരാകുന്നതിൽനിന്ന് പിന്നാക്കം പോയി. പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് അവർ ഹാജരായത്. 5.6 കോടിയുടെ കരാർ പകര്‍പ്പ് ഹാജരാക്കാൻ വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും കോളജ് ഉടമ കൈമാറാൻ തയാറായില്ല. 25 ലക്ഷം രൂപ കൺസൾട്ടൻസി ഫീസായി നൽകിയെന്നും അത് തിരിച്ചുനൽകാത്തതിെൻറ തർക്കം മാത്രമാണ് വിവാദങ്ങൾക്ക് പിന്നിലെന്നും കോളജ് ഉടമയും ഇടനിലക്കാരും മൊഴി നൽകി.
പണം കൈമാറിയ രേഖകള്‍ അന്വേഷിച്ച് കണ്ടെത്താൻ വിജിലന്‍സിന് സാധിച്ചിട്ടില്ല. ബി.ജെ.പി നേതാവിനെതിരെയും ആ റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് സംസ്ഥാന സെക്രട്ടറിെക്കതിരെയും നടപടി കൈക്കൊണ്ട കുമ്മനം രാജശേഖരൻ പാർട്ടിയുടെ അന്വേഷണറിപ്പോര്‍ട്ട് പോലും കണ്ടില്ലെന്നാണ് വിജിലൻസിന് നൽകിയ മൊഴി. അന്വേഷണം ഏറ്റെടുക്കുേമ്പാൾതന്നെ ഇത് തങ്ങളുടെ അന്വേഷണപരിധിയിൽ വരില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. കോളജ് ഉടമയും ഇടനിലക്കാരുമായുള്ള കരാറിെൻറ പകര്‍പ്പ് കിട്ടിയാൽപോലും കോഴ ഇടപാട് തെളിയിക്കാനാകില്ലെന്നാണ് വിജിലന്‍സ് പറയുന്നത്. സ്വകാര്യവ്യക്തികള്‍ തമ്മിലെ ഇടപാടിനെ അഴിമതി നിരോധന നിയമത്തിെൻറ പരിധിയിൽ കൊണ്ടുവരാനാകില്ലെന്നും അവർ പറയുന്നു. ആ സാഹചര്യങ്ങൾ പരിഗണിച്ചാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.