കാഞ്ഞങ്ങാട്: നഗരസഭ കാര്യാലയത്തിൽ വിജിലൻസ് പരിശോധന. കെട്ടിട വിഭാഗത്തിലാണ് കാസർകോട് വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെ പരിശോധന തുടർന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് കാഞ്ഞങ്ങാട്ടും പരിശോധന നടന്നത്. 30ലേറെ കെട്ടിടങ്ങളുടെ രേഖകൾ പരിശോധിച്ചതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് കെട്ടിട സമുച്ചയങ്ങളിൽ കൃത്രിമം നടന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
പാർക്കിങ് ഏരിയ ഇല്ലാതെ ഒരു കെട്ടിട സമുച്ചയം പണിതതായി കണ്ടെത്തി. മുഴുവൻ രേഖകളും പരിശോധിക്കാനായില്ല.
ശരിയായ നിർമാണ പെർമിറ്റില്ലാതെ കെട്ടിട നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. വ്യാപക ചട്ടലംഘനം കണ്ടെത്തിയതോടെ നടപടി സ്വീകരിക്കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ശിപാർശ നൽകി. തദ്ദേശ സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തുന്ന പ്രത്യേക വിജിലൻസ് സംഘത്തോട് കാഞ്ഞങ്ങാട് നഗരസഭയിലെ മുഴുവൻ കെട്ടിട രേഖകളും പരിശോധിക്കാൻ ജില്ല വിജിലൻസ് ഉദ്യോഗസ്ഥർ നിർദേശം നൽകും.
കാസർകോട്ടും കെട്ടിട നമ്പർ ക്രമക്കേട്
കാസർകോട്: വിജിലൻസിന്റെ ഓപറേഷൻ ട്രൂ ഹൗസ് പരിശോധനയിൽ കാസർകോട് നഗരസഭയിലും ക്രമക്കേട് കണ്ടെത്തി. തായലങ്ങാടിയിലെ ആറുനില ഫ്ലാറ്റിന് നമ്പറില്ലെന്നാണ് വിജിലൻസിന്റെ പ്രധാന കണ്ടെത്തൽ.
42 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള ഫ്ലാറ്റാണിത്. ഇപ്പോൾ 25 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഒരുവർഷമായി ഇവിടെ താമസക്കാർ ഉണ്ടെങ്കിലും നമ്പർ ലഭിച്ചിട്ടില്ല. എത്ര വർഷമായി ഫ്ലാറ്റ് പ്രവർത്തനം തുടങ്ങിയിട്ട് എന്ന് വിശദമായി പരിശോധിക്കാനുള്ള തീരുമാനത്തിലാണ് വിജിലൻസ്. നഗരത്തിലെ മൂന്നു കമേഴ്സ്യൽ കെട്ടിടങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നഗരസഭയിൽ സാധാരണക്കാർ നൽകുന്ന അപേക്ഷകളിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞു തീരുമാനം വൈകിപ്പിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. കൈക്കൂലി ലക്ഷ്യമിട്ട് ഒരുവിഭാഗം ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നാണ് വിജിലൻസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.