കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ റിമാന്‍റിൽ കഴിയുന്ന മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് എം.എല്‍.എയുമായ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിടണമെങ്കിൽ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി. ആരോഗ്യസ്ഥിതി വ്യക്തമാക്കാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിർദേശിച്ചു.
അറസ്റ്റ് ഉണ്ടായത് ആശുപത്രിയിൽ വെച്ചാണ്, കസ്റ്റഡിയിൽ നൽകണമെങ്കിൽ പ്രതിയുടെ ആരോഗ്യസ്ഥിതി വ്യക്തമാകണമെന്നാണ് കോടതി നിർദേശം. തുടർന്ന് വിജിലൻസ് പ്രത്യേകം അപേക്ഷ സമർപിക്കാമെന്നറിയിച്ചു. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഇന്നലെ അറസ്റ്റിലായ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു വിജിലൻസ് ആവശ്യം. ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജയിലൻസ് കോടതിയെ അറിയിച്ചു. മന്ത്രി എന്നുള്ള നിലയിൽ പദവി ദുരുപയോഗം ചെയ്തു, ഇതുവഴി സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും റിമാന്‍റ് റിപ്പോർട്ടിലുണ്ട്.
അതേസമയം, കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ റിമാന്‍റിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുറിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.