കൊച്ചി: ഹരിപ്പാട് മെഡിക്കൽ കോളജ് അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന് വിജിലൻസ്. കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ തുരുമാനിച്ചിരിക്കുന്നത്. ബിൽഡിങ് വിഭാഗം ചീഫ് എഞ്ചിനിയറെ ഒന്നാം പ്രതിയാക്കിയാണ് കേസ് ഫയൽ ചെയ്യുക. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും.
2015 ജനുവരി ഏഴിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നൽകിയത്. ആര്‍ക്കി മട്രിക്സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമല്ല. കുറഞ്ഞ കരാർ തുക ക്വാട്ട് ചെയ്ത കമ്പനികൾ ഉണ്ടായിട്ടും വൻ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് കരാർ കൈമാറുകയായിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളജിന് നീക്കം തുടങ്ങിയത്. മെഡിക്കല്‍ കോളേജിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ കരാര്‍ റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
തുടർന്ന് പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയർ അന്വേഷണ റിപ്പോര്‍ട്ട് സർക്കാറിന് നല്‍കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനമാണ് വിജിലന്‍സ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാല്‍ എല്ലാ രേഖകളും പരിശോധിച്ച് വിശദമായ അന്വേഷണത്തിന് ശേഷമേ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കൂയെന്ന് വിജിലന്‍സ് അറിയിച്ചിരുന്നു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചീഫ് എഞ്ചിനിയർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കണ്‍സള്‍ട്ടന്‍സി കരാറിന് അപേക്ഷിച്ച ആന്‍സണ്‍സ് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്. തങ്ങളേക്കാള്‍ കൂടുതല്‍ തുകയുടെ ടെന്‍ഡര്‍ നല്‍കിയ ആര്‍ക്കി മട്രിക്സിന് കരാറനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആന്‍സണ്‍സ് ഗ്രൂപ്പിന്റെ ആരോപണം. ഇതുവഴി സര്‍ക്കാറിന് 5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.