കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈകോടതി. വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ നിർദേശം. ഹരജിയിൽ വെള്ളിയാഴ്ചയും വാദം തുടരും.
മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം പരിഗണനയിലുള്ളത്. എന്നാൽ, ഈ തീയതികൾക്ക് ശേഷവും നടിയുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ പകർപ്പുകളും മറ്റും വിജയ് ബാബു ഹാജരാക്കിയിരുന്നു. പീഡിപ്പിച്ചെന്ന് പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയാലും ഇയാളെ ഈ ഘട്ടത്തിൽ ജയിലിലടക്കണമെന്ന് ആവശ്യപ്പെടുന്നതെന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. പുറത്തുനിന്നാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നടിയുടെ അഭിഭാഷകൻ വിശദീകരിച്ചു. നീതിയുക്തമായ വിചാരണ സാധ്യമാക്കാനും സമൂഹത്തിന്റെ താൽപര്യം സംരക്ഷിക്കാനും മുൻകൂർ ജാമ്യ ഹരജി തള്ളണം. ഇയാൾക്കെതിരെ ഭാര്യ ഗാർഹിക പീഡനം ആരോപിച്ചു പരാതി നൽകിയിരുന്നെങ്കിലും പിന്നീടു പിൻവലിപ്പിച്ചതായും നടിയുടെ അഭിഭാഷകൻ ആരോപിച്ചു.
ചില സന്ദേശങ്ങൾ ഹരജിക്കാരൻ ചമച്ചതാണെന്ന് വാദമുയർന്നെങ്കിലും ഇതു ശരിയല്ലെന്നും ഇക്കാര്യം പരിശോധിച്ചാൽ വ്യക്തമാകുമെന്നും വിജയ് ബാബുവിന്റെ അഭിഭാഷകൻ വിശദീകരിച്ചു. വിജയ് ബാബുവിന് അന്തിമ വാദം നടത്താൻ സമയം നൽകിയാണ് ഹരജി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.