കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരശാലകളിലെ വനിത ജീവനക്കാർക്കായി നടത്തിയ പോരാട്ടത്തിന് ബി.ബി.സിയുടെ അംഗീകാരം. 2018ൽ ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ബി.ബി.സി തെരഞ്ഞെടുത്തപ്പോൾ അതിൽ ഒരാൾ മലയാളി. കോഴിക്കോട്ടുകാരി വിജ. ‘പെൺകൂട്ട്’ എന്ന സമരസംഘടനയുടെ അമരക്കാരി.
കച്ചവടത്തിെൻറ ഇടനേരങ്ങളിൽ ഒന്ന് ഇരിക്കാൻ അനുവദിക്കുക, ഒന്നു മൂത്രമൊഴിക്കാൻ അനുവദിക്കുക... പരിഷ്കൃത സമൂഹം ആശ്ചര്യപ്പെടുന്ന ഇൗ ആവശ്യവുമായി ഏതാനും വർഷം മുമ്പ് വിജിയും പെൺകൂട്ടും നയിച്ച പോരാട്ടത്തിന് ലോകത്തിെൻറ അംഗീകാരം കൂടിയാണിത്. 100 പേരുടെ പട്ടികയിൽ 73ാമതാണ് വിജിയുടെ പേര്.
പ്രാഥമിക ആവശ്യങ്ങൾക്കുപോലും സമരം ചെയ്യേണ്ടിവന്ന സെയിൽസ് ഗേളുമാരുടെ മുന്നിൽ നിന്ന് അവരെ നയിച്ച സാധാരണക്കാരിയായ സ്ത്രീയാണ് 55കാരിയായ വിജി. അസംഘടിത മേഖലയിലെ പെൺ തൊഴിലാളികൾക്കായി എന്നും പോരാട്ടം നടത്തിവന്ന ‘പെൺകൂട്ട്’ എന്ന സംഘടനയുടെ അമരക്കാരി. സ്നേഹത്തോടെ ആ ഷോപ്പുകളിലെ ജീവനക്കാരികൾ വിളിക്കുന്ന അവരുടെ വിജിച്ചേച്ചി...
അസംഘടിതരായ വനിതകളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി വിജി നടത്തിയ പോരാട്ടമാണ് അവരെ പട്ടികയിൽ ഇടംപിടിപ്പിച്ചത് എന്ന് ബി.ബി.സി സാക്ഷ്യപ്പെടുത്തുന്നു. 2009-10 കാലത്ത് രൂപം കൊണ്ട ‘പെണ്‍കൂട്ടി’ െൻറ ആഭിമുഖ്യത്തിൽ നടത്തിയ സമരപരിപാടികളാണ് സെയിൽസ് ഗേളുമാരുടെ വിഷയം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരികയും അവർക്കായി നിയമനിർമാണം നടത്തിക്കുകയും ചെയ്തത്.
നൂറുപേരിൽ വിജി ഉൾപ്പെടെ മൂന്നു സ്ത്രീകളാണ് ഇന്ത്യയിൽ നിന്നുള്ളത്.33ാമത് സുന്ദർബൻ മേഖലയിലെ ഗ്രാമത്തിലേക്ക് ഇഷ്ടികകൾ കൊണ്ട് വഴിയുണ്ടാക്കിയ മീന ഗായൻ എന്ന 36കാരിയാണ്. മഹാരാഷ്ട്രയിലെ കാർഷിക മേഖലകളിൽ വിത്ത് സംരക്ഷിച്ചു സൂക്ഷിക്കുന്ന റാഹിബി സോമ പൊപെരെ എന്ന 55കാരിയാണ് 76ാമത്. ‘വിത്ത്മാതാവ്’ എന്ന പേരിലാണ് റാഹിബി അറിയപ്പെടുന്നത്.
60 രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് പട്ടികയിൽ. നെജീരിയയിലെ സോഷ്യല്‍ ഇംപാക്ട് എന്റര്‍പ്രട്‌നറായ അബിസോയെ അജായി അകിൻഫൊലാരിനാണ് പട്ടികയിലെ ആദ്യ വനിത. വെബ്‌സൈറ്റുകളുടെ കോഡിങ്ങും ഡിസൈനും നിർമാണവും പെൺകുട്ടികളെ പഠിപ്പിക്കുന്ന ഗേള്‍സ് കോഡിങ് എന്ന എന്‍.ജി.ഒയുടെ സ്ഥാപകയാണ് അബിസോയെ എന്ന 33കാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.