ദേശം: പുറയാർ മസ്ജിദിന് സമീപത്തെ റെയിൽവേ ട്രാക്കിലെ കുറ്റിക്കാടുകളിൽ രാത്രിയിൽ കേന്ദ്രീകരിക്കുന്ന സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായതായി പരാതി.വ്യാഴാഴ്ച രാത്രി മസ്ജിദിന് സമീപത്തെ മടത്തിലകത്തൂട്ട് മുഹമ്മദിന്‍റെ വീടിന് നേരെ കല്ലേറ് നടന്നു. മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നു. മുഹമ്മദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയാണ് സമീപത്തെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ട്രാക്കിലെ കുറ്റിക്കാട്ടിൽനിന്ന് സാമൂഹികവിരുദ്ധ സംഘം കല്ലെറിഞ്ഞത്.
ഭീതിയിലായ വീട്ടുകാർ ബഹളംവെച്ച് പുറത്തേക്കിറങ്ങിയതോടെ അക്രമികൾ ട്രാക്കിന് തെക്കുവശത്തെ ആലുവ-കാലടി റോഡിൽനിന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് സമീപവാസികൾ ടോർച്ചുമായി റെയിൽവേ ട്രാക്കിലും പരിസരങ്ങളിലും അന്വേഷിച്ചെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. ട്രാക്കിനരികിലെ സുരക്ഷ കൂടിന് സമീപം കല്ലുകൾ സൂക്ഷിച്ചതായി സംശയിക്കുന്ന പ്ലാസ്റ്റിക് ബാഗ് കണ്ടുകിട്ടി. പൊലീസ് രാത്രിതന്നെ അക്രമികളെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കഞ്ചാവിനും മയക്കുമരുന്നിനും അടിപ്പെട്ട പുറമെനിന്ന് ആഡംബര ബൈക്കുകളിൽ എത്തുന്ന യുവസംഘമാണ് അക്രമം കാട്ടുന്നതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. റെയിൽവേ ട്രാക്കിന് സമീപം താമസിക്കുന്നവരാണ് കൂടുതലായും സാമൂഹികവിരുദ്ധ സംഘങ്ങളുടെ ഉപദ്രവങ്ങൾക്കിരയാകുന്നത്. കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന ലഹരിസംഘം സ്ത്രീകളുടെ മാലകവർന്ന് കാലടി റോഡിലെത്തി ബൈക്കിൽ രക്ഷപ്പെടുന്ന സംഭവങ്ങളുണ്ടായെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ട്രാക്കിനരികിലെ കാടുകൾ തെളിക്കണമെന്ന് റെയിൽവേ അധികൃതർക്കും പ്രദേശത്ത് രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കണമെന്ന് പൊലീസിനും വാർഡ് മെംബറും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ നൗഷാദ് പാറപ്പുറം പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.