കാറിലിരുന്നു വിഷുക്കൈനീട്ട വിതരണം; പിന്നെ കാലുപിടിത്തം; സുരേഷ് ഗോപിക്കെതിരെ വിമർശനം

തൃശൂർ: വാഹനത്തിലിരുന്ന് സ്ത്രീകളെ വരിനിർത്തി വിഷുക്കൈനീട്ടം നൽകുകയും ഏറ്റുവാങ്ങിയവർ കാലുപിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സുരേഷ് ഗോപി എം.പിക്കെതിരെ വിമർശനം. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിലെ ചില ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും പ്രമുഖരുടെ വീടുകളിലുമെത്തി വിഷുക്കൈനീട്ടം നൽകിയതിന്‍റെ തുടർച്ചയായാണ് വഴിയോരത്തെ വിഷുക്കൈനീട്ട വിതരണം. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രത്തിൽ സുരേഷ് ഗോപി മേൽശാന്തിക്ക് പണം നൽകി വിഷുനാളിൽ തൊഴാൻ എത്തുന്നവർക്ക് കൈനീട്ടം നൽകാൻ ഏൽപിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ ബോർഡ് പരസ്യമായി രംഗത്തുവരുകയും ഇത്തരം നടപടി വിലക്കി വാർത്തക്കുറിപ്പ് ഇറക്കുകയും ചെയ്തു.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിലാണ് സുരേഷ് ഗോപിയും ബി.ജെ.പിയും. തൃശൂർ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനം. രാജ്യസഭയിലെ അവസാന പ്രസംഗം തൃശൂർ പൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. പൂരം വെടിക്കെട്ടിന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയെ ഇടപെടുവിച്ച് അനുമതി വാങ്ങിയെന്ന പ്രചാരണം ബന്ധപ്പെട്ട വൃത്തങ്ങൾ നടത്തുന്നുണ്ട്.

ചില വക്രബുദ്ധികളുടെ നീക്കം

തിരുവനന്തപുരം: "ആ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രിപറ്റങ്ങളോട് എന്തു പറയാൻ". വിഷുക്കൈനീട്ടം നൽകുന്ന പരിപാടി വിവാദമാക്കിയവർക്കെതിരെ വിമർശനവുമായി സുരേഷ് ഗോപി എം.പി. "ചില വക്രബുദ്ധികളുടെ നീക്കം അതിനുനേരെയും വന്നിട്ടുണ്ട്. അതു നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാൻ കണക്കാക്കുന്നത്. അവർക്ക് അസഹിഷ്ണുതയുണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ചുകൊടുക്കുന്നത്. 18 വർഷത്തിനുശേഷം വോട്ടുപിടിക്കാനുള്ള കപ്പമല്ല. വിഷു ഹിന്ദുവിന്‍റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ആചാരമാണത്. ഒരു രാജ്യത്തിന്‍റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. ഹീനചിന്താഗതിയുള്ളവര്‍ക്കേ വിഷുക്കൈനീട്ടത്തിനെതിരെ പ്രവര്‍ത്തിക്കാനാവൂ. അവര്‍ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണ്. ആ പൊട്ടക്കിണറുകള്‍ ശുചീകരിക്കേണ്ട സമയമായി"- സുരേഷ് ഗോപി പറഞ്ഞു.കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ വിഷുക്കൈനീട്ടം നൽകാൻ മേൽശാന്തിക്ക് സുരേഷ്ഗോപി പണം നൽകിയത് വിവാദമായിരുന്നു. 

Tags:    
News Summary - Vishukainitam distribution in car; Criticism against Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.